Saturday, June 6, 2009

വൈകീട്ടെന്താ പരിപാടി?

വൈകീട്ടെന്താ പരിപാടി?

കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത്‌ ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക്‌ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്‌. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച്‌ ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പരിപാടിഇന്നത്തേക്ക്‌ വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക്‌ ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.

മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ്‌ പരമ്പര പോലായിട്ടുണ്ട്‌. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്‌. ഏഷ്യാനെറ്റ്‌ ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.

പണ്ട്, സില്‍മാപ്രാന്ത് തലക്ക്‌ കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത്‌ നായകനായിഅഭിനയിക്കാന്‍ പോയിട്ട്‌,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌, അതും കിട്ടാഞ്ഞ്‌, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച്‌ പുറത്താക്കിയ, പിന്നീട്‌ നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട്‌ "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത്‌ ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേം‌നസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ്‌ ഏറു കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക്‌ നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.

(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌! )


ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട്‌ ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്‌. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക്‌ ചെയ്യുമ്പോഴുണ്ട്‌ സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്‌, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട്‌ വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക്‌ പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.

അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട്‌ ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്‌' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക്‌ പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. , ഇതറിഞ്ഞ്‌ വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക്‌ ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത്‌ നോക്കി, 'മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത്‌ കേട്ട്‌ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!

അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?
'

(തുടരും)

15 comments:

krish | കൃഷ് June 6, 2009 at 9:35 AM  

അപ്പോള്‍ പിന്നെ വൈകീട്ടെന്താ പരിപാടി?

Pongummoodan June 6, 2009 at 10:10 AM  

“ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?“
ചിന്തിച്ചു നിൽക്കാതെ പെട്ടന്ന് തുടരൂ ക്രിഷേട്ടാ... ബാക്കി ഭാഗം ഇപ്പോ തന്നെ പൂശിക്കോ.

mydailypassiveincome June 6, 2009 at 10:51 AM  

മാഷേ, കുപ്പിയും സോഡയും ഗ്ലാസ്സും നിരത്തൂ. ഞാനും റെഡി..

ചീയേഴ്സ്..............

വൈകിട്ട് ഇതൊക്കെയാണ് പരിപാടിഅല്ലേ ഹിഹി.

[ nardnahc hsemus ] June 6, 2009 at 11:35 AM  

അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌!

(അതിന് ആരാണാവോ “തലയിട്ടത്“ എന്നല്ലേ വേണ്ടിയിരുന്നത് ?)

“ചിന്താ”ഭാരത്തില്‍ പഴയ ഫോര്‍മാറ്റിലുള്ള പേജ് കാണുവാന്‍ മുകളിലെ ബാനറിനടുത്ത് തന്നെ ഒരു ലിങ്കരാജന്‍ ഉണ്ട്... പുള്ളിയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചാല്‍ കാണാമല്ലോ!

അപ്പൊ കൃഷ് ശ് ശ്ശ്ശ് ശ്.... ഇതാ പരുവാടി ല്ലെ?.. ഉം ഉം....

G.MANU June 6, 2009 at 11:36 AM  

മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌


എന്റെ കൃഷണ്ണാ..ചിരി അടക്കാന്‍ വയ്യ

അടുത്ത ഭാഗം പെട്ടെന്ന് പൂശൂ..

ഏറനാടന്‍ June 6, 2009 at 12:23 PM  

ഹെന്റെ കൃഷേ... ഹെന്തോന്ന് കൊള്ളികളാ പോസ്റ്റ് നിറയെ!
ഹെനിക്ക് വെയ്യാ ലോകനാര്‍ കാവിലമ്മേ..!

ഗ്രീഷ്മസന്ധ്യ ട്രാക്കിലായിട്ട് കൊല്ലം രണ്ട് ണിം ണിംന്ന് പോയിക്കിട്ടി. ഒന്നര ലക്ഷം ഇറങ്ങിയത് ഹേത് വഴി പോയോ ആവോ എന്ന് തപ്പിയിട്ട് ഒരെത്തും പിടിം ഇല്ല.

ആകെ മെച്ചം ചിത്രേച്ചീടെ രണ്ട് പാട്ട് ആയി, വിധുപ്രതാപും ദേവാനന്ദും ആലപിച്ചു. അത് വെച്ച് ആല്‍ബം പിടിച്ചാലോന്ന് ഒരു ചിന്ത ഇല്ലാണ്ടില്ല കൃഷേ, ബൂലോഗ സുഹൃത്തുക്കളേ..

അന്ന് നായികായായി ബുക്ക് ചെയ്ത ശ്രീകലയെ ആണെങ്കില്‍ മാനസപുത്രി ടീം ഈ ജന്മത്തില്‍ ഞങ്ങള്‍ക്ക് വിട്ടു തരുംന്ന് തോന്നുന്നൂല്ല. മാനസപുത്രി നീട്ടി നീട്ടി ലോകാവസാനം വരെ ആക്കിയെന്നാ കേള്‍ക്കണെ!!

ശ്രീകല അന്ന് അഡ്വാന്‍സായി കൈപറ്റിയ പൈസയുടെ ഓര്‍മ്മ പോലും നശിച്ചുപോയിട്ടുണ്ടാവും. പാവം ജീവിക്കട്ടെ അല്ലേ?

നിര്‍മ്മാതാവ് കുത്തുപാള എടുക്കുമെന്ന് കേട്ടത് അല്പം അനുഭവിച്ചൂട്ടോ. അതുകൊണ്ടല്ലേ ഞാന്‍ വീണ്ടും വേണ്ടാന്ന് വെച്ചിട്ടും പ്രവാസിയായി തീര്‍ന്നത്!!

ഇനി കൈയ്യിലുള്ള ചിത്രാസ് പാട്ടും വിധുപ്രതാപ് പാട്ടും വെച്ച് ആല്‍ബമോ സീഡിയോ ഇറക്കി പോയ പൈസ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യമേയുള്ളൂ.

പ്രാര്‍ത്ഥിക്കുമല്ലോ എല്ലാവരും?

അരുണ്‍ കരിമുട്ടം June 6, 2009 at 2:12 PM  

ജിടാക്ക്, സ്റ്റാര്‍സിംഗര്‍, മീന്‍കറി..
ഇനിയും എന്താ പരിപാടി എന്നോ?
ഒരു പെഗ്ഗ് വീശിയിട്ട് ബാക്കി എഴുതു.

വേണു venu June 6, 2009 at 3:15 PM  

ക്രിഷേ... സംഗതി ശരി തന്നെ .പക്ഷേ പെഗ്ഗിനു ശേഷം ആമീനിന്‍റെ കണ്ണില്‍ നോക്കിയപ്പോള്‍ അല്പം ശ്രുതി ഭംഗം വന്നോ എന്നൊരു സംശയം. പിച്ചു ശരിയാണു`. പക്ഷേ ആഏറനാടന്‍റെ നായികാ എന്നു പാടിയപ്പോള്‍. “ഒന്നു പാടിയേ...” അതാണു മോനെ.. എനിക്കിഷ്ടമായി. പക്ഷേ സംഗതി ഇനിയും വരാനുണ്ട്.:)

Typist | എഴുത്തുകാരി June 6, 2009 at 3:37 PM  

ഏറനാടന്റെ ഒരു പോസ്റ്റ് വായിച്ചു കമെന്റിട്ടു വന്നേയുള്ളൂ. ദേ ഇവിടേയും ഏറനാടന്‍. എന്തായാലും ഇതൊന്നും അറിഞ്ഞിരുന്നില്ല.

ഹന്‍ല്ലലത്ത് Hanllalath June 6, 2009 at 5:02 PM  

ഹ ഹ ഹ...
രസികന്‍...
( നമ്മുടെ ചിന്തയില്‍ പഴയ പോലെ പോസ്റ്റുകള്‍ കാണാനും സൗകര്യം ഉണ്ടല്ലോ...അത് കണ്ടില്ല..? )

പ്രിയ ഉണ്ണികൃഷ്ണന്‍ June 6, 2009 at 7:39 PM  

പരിപാടികള്‍ തടസ്സം കൂടാതെ നടക്കട്ടെ

ബഷീർ June 7, 2009 at 11:06 AM  

ചിന്താഭാരം കൂട്ടി അടിച്ച് ഫിറ്റാവണ്ട.
ചിന്തയിൽ പുതിയ രൂപത്തിലും ഒന്നിലധികം ബ്ലോഗുകൾ തുറന്ന് വായിക്കാം..

ആവശ്യമുള്ള പോസ്റ്റിന്റെ ഹെഡർ സെലക്റ്റ് ചെയ്ത് മൌസിന്റെ വലത്ത് ഭാഗം ഞെക്കി തെളിഞ്ഞ് വരുന്നതിൽ നിന്ന് ഓപ്പൺ ഇൻ ന്യൂ‍ വിന്റോ സെലക്റ്റ് ചെയ്ത നോക്കൂ... :)

ബഷീർ June 7, 2009 at 11:07 AM  

പിന്നെ വൈകിട്ടത്തെ പരിപാടിക്ക് ആശംസകൾ

Rejesh Keloth June 7, 2009 at 8:35 PM  

next time one more glass... on the rox... cheers... :)

Vaikittathe paripaadi kollam... :)

krish | കൃഷ് June 8, 2009 at 10:38 AM  

നന്ദി പൊങ്ങുമ്മൂടാ.. താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ബാക്കി ഭാഗം പൂശിയിട്ടുണ്ട് (ഇവിടെ)

റെയിന്‍‌ഡ്രോപ്സ്: നന്ദി. എന്നാല്‍ ഇങ്ങു പോരൂ.. വരുമ്പോള്‍ കൊണ്ടുവരാന്‍ മറക്കരുതേ അച്ചായാ.

സെമൂസ്: നന്ദി. “തലയൂരിയ” ആള്‍ തന്നെ തലയിട്ടിട്ടുണ്ടാവുക.
(ചിന്തയിലെ പുതിയ ഫോര്‍മാറ്റിലെ ലിങ്ക് ആദ്യം ശ്രദ്ധിച്ചില്ലായിരുന്നു.കുറച്ചു ദിവസം തനിമലയാളത്തിലേക്ക് പോയി)

ജി.മനു:നന്ദി.

ഏറനാടന്‍: പെരുത്ത് നന്ദീണ്ട്ട്ടോ. ഇവിടെ വന്ന് ഒരു വിശദീകരണക്കുറിപ്പ് ഇറക്കിയതിന്.
ഒന്നര ലക്ഷം പൊടി പൊടിച്ചിട്ടും സംഗതിയൊന്നും നേരെ ട്രാക്കിലാവാത്തതിനു കാരണം ആ കൊച്ചാണല്ലേ. മാനസപുത്രി കഴിഞ്ഞിട്ട് അവരെ കിട്ടുമെന്നു നോക്കിയിരുന്നാല്‍ വര്‍ഷങ്ങള്‍ എടുക്കും.അവര്‍ക്ക് കാശ് വാങ്ങാനേ അറിയൂന്നാ തോന്ന്ണ്. എന്തായാലും ചിത്രചേച്ചിയും വിധു പ്രതാപും മറ്റും പാടി റിക്കൊര്‍ഡ് ചെയ്ത് പാട്ടുകള്‍ നല്ല വിഷ്വത്സെല്ലാം കൊടുത്ത് ഒരു വീഡിയോ ആല്‍ബമാക്കി മാറ്റൂ. ചിലവാക്കിയതില്‍ അല്‍പ്പമെങ്കിലും കിട്ടുമല്ലോ. പാട്ട് എല്ലാവര്‍ക്കും കേള്‍ക്കുകയുമാവാം.

അരുണ്‍ കായംകുളം: നന്ദി.
വേണു. നന്ദി. സംഗതി തല്‍ക്കാലം ഇത്രയൊക്കെ മതീന്ന്.
എഴുത്തുകാരി: നന്ദി.
ഹന്‍ലല്ലത്ത്: നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. ന്നാലും പ്രിയേടെ ആ ബിയര്‍ സാഹസങ്ങളുടെ അത്രേം വരില്ലാട്ടോ. :)

അനില്‍@ബ്ലോഗ്: നന്ദി.
ബഷീര്‍ വെള്ളറക്കാട്: നന്ദി.
സതീര്‍ത്ഥ്യന്‍: നന്ദി.

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP