ചിന്താവിഷ്ടനായ സുമുഖന്‍.
ചിന്താവിഷ്ടനായ സുമുഖന്‍.
ഓഫീസ് കാന്റീനിലെ ഒരു മൂലയിലെ കസേരയിലിരുന്ന് കോഫിയും രുചിച്ചുകൊണ്ട് കഥാനായകനും 'സുമുഖന്‍' എന്ന നാമധേയത്തില്‍ ബൂലോഗം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ബ്ലോഗന്‍ ചിന്തയിലാണ്ടിരിക്കയാണ്.
എന്നാലും എന്റെ ശാലൂ. അവളില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗില്‍ പോസ്റ്റിട്ട് അഗ്രിഗേറ്റര്‍ പിടിക്കാത്തതുകാരണം ഒരു ദിവസം കഴിഞ്ഞിട്ടും കമന്റുകള്‍ കിട്ടാത്തപോലെ, സുമുഖന്റെ മനസ്സാകെ അസ്വസ്ഥമാണ്.
തന്റെ പുതിയ മോഡല്‍ 'നോക്കിയ' സുമുഖനെ തന്നെ നോക്കിയിരുപ്പാണ്. എന്താ എന്നെയൊന്ന് ഞെക്കാത്തത്, ആരേയും വിളിക്കാനില്ലേ, എന്ന മട്ടില്‍. ഇത് മനസ്സിലാക്കിയെന്നോണം സുമുഖന്‍ 'നോക്കിയ'യെ കൈയ്യിലെടുത്ത് അഡ്രസ്സ് ലിസ്റ്റില്‍ നിന്നും തന്റെ ഉറ്റമിത്രവും സഹബ്ലോഗനുമായ 'കണാര'നെ വിളിച്ചു.
"കോലക്കുഴല്‍ വിളി കേട്ടോ.. രാധേ എന്‍ രാധേ.." എന്ന റിംഗ് ടോണ്‍ സംഗീതം ഒഴുകുന്നു. 'ഉവ്വ് ഉവ്വേ, കേട്ടു, ഫോണെടുക്കടാ കണാരാ' എന്നു മനസ്സില്‍ പറഞ്ഞു.
സുമുഖന്‍: "ഹലോ, കണൂ.."
കണാരന്‍: "ഹായ്.. സുമൂ. എന്തൊക്കെയുണ്ടടാ വിശേഷങ്ങള്‍. നിന്നെയിപ്പോള്‍ കൂടുതലായി കാണുന്നില്ലല്ലോ. എന്തു പറ്റി, ലൈനുകളുടെ എണ്ണം കൂടിയതാണോ?"
സുമു: " ഹേയ്, അതൊന്നുമല്ല. പിന്നേ എന്റെ മൊബെയിലിലെ പ്രീ-പെയ്ഡ് ചാര്‍ജ് തീരാറായി. നീ ഇങ്ങോട്ട് വിളിക്കൂ" ഇതും പറഞ്ഞ് സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്. അതിനടുത്ത നിമിഷം തന്നെ 'നൊക്കിയ' സുമുഖനെ നോക്കികൊണ്ട് " കള്ളാ കള്ളാ കൊച്ചുകള്ളാ, നിന്നെ കാണാനെന്തൊരു ചേലാണ്.." എന്ന കിളിനാദം പൊഴിച്ചുകൊണ്ട് സ്ക്രീന്‍ തെളിഞ്ഞു വന്നു "കണൂ കാളിംഗ്".
കണൂ: 'ഹലോ, സുമൂ, എന്താടാ കാര്യം?'
സുമൂ: 'പ്രത്യേകിച്ച് ഒന്നുമില്ല. എന്നാലും മനസ്സിനു ചെറിയ ഒരു അസ്വസ്ഥത.'
കണൂ: ' എന്തുപറ്റി. സോഫിയ നിന്നെ വിട്ടോ? എന്താ കാര്യം തെളിച്ചു പറയൂ.'
സുമൂ: “ അതിനു സോഫിയയെ ഞാന്‍ ഒരാഴ്ചമുമ്പേ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയില്ലേ. നിനക്കറിയോ പ്രൈവറ്റ് എയര്‍ലൈന്‍സില്‍ ജോലിയുള്ള അവളെ, സാമ്പത്തികമാന്ദ്യം കാരണം എയര്‍ലൈന്‍സുകാര്‍ പിരിച്ചുവിട്ടു. അതോടെ ഞാനും അവളുമായിട്ടുള്ള പ്രേമത്തിന്റെ 'കണക്ഷന്‍ ഫ്ലൈറ്റ്' കാന്‍സല്‍ ചെയ്തു.“
"അപ്പോ പിന്നെ ആരതി പിള്ളയില്ലേ, പിന്നെന്താ"
"സോഫ്റ്റ്‌വെയര്‍ കമ്പനിയിലുള്ള അവളെയും കഴിഞ്ഞാഴ്ച പറഞ്ഞുവിട്ടെടാ. അതുകൊണ്ട് ജോലിപോയ അവളുമായുള്ള LAN (Love Area Network) കണക്ഷണും ഡിസ്കണക്റ്റ് ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം എന്റെ എത്ര ലൈനാടാ കട്ടായത്. ജോലിയില്ലാത്ത ലവളുമാരുമായി പ്രേമത്തിന്റെ 143 കരാര്‍ ഒപ്പിട്ടാല്‍ ലവ് മെയിന്റനന്‍സ് ചിലവിനുകൊടുത്ത്, അമേരിക്കന്‍ ബാങ്കുകളെപോലെ ഞാന്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടിവരും."
"ജോലി പോകാന്‍ സാധ്യതയില്ലാത്ത വേറെയും ചില സെറ്റപ്പുകള്‍ നിനക്കുണ്ടല്ലോ, പിന്നെന്ത ഇത്ര വ്യസനിക്കാന്‍?"
"അതുതന്നെയായിരുന്നു കണൂ, എന്റെയും ആശ്വാസം. ഒന്നുകില്ലെങ്കിലും പബ്ലിക് സെക്ടര്‍ ബാങ്കില്‍ ജോലിയുള്ള അനിതയുണ്ടല്ലോ"
"പിന്നെന്താ നിനക്കിത്ര ടെന്‍ഷന്‍. നീ തന്നെയല്ലെ ഒരിക്കല്‍ പറഞ്ഞത് അവള്‍ നല്ല സ്മാര്‍ട്ടാണെന്ന്."
"അതൊക്കെ ശരി തന്നെ. എനിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. പക്ഷേ, വണ്ടിച്ചെക്ക് പോലെയല്ലേ അവളെന്നെയെടുത്ത് ചവറ്റുകുട്ടയിലേക്കിട്ടത്."
"ഓഹോ, അതെന്തുപറ്റി? അവള്‍ക്കും നിന്നോടിഷ്ടമായിരുന്നല്ലോ. നിന്റെ മറ്റു പ്രീ-പെയ്ഡ് കണക്ഷനുകളെക്കുറിച്ച് അവള്‍ അറിഞ്ഞോ?"
"അതൊന്നുമല്ല. നിനക്കറിയ്യോ, ആഗോളസാമ്പത്തികമാന്ദ്യത കാരണം ഞങ്ങളുടെ കമ്പനിയിലെ ചിലരെ പിരിച്ചുവിട്ടിരുന്നല്ലോ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, കഴിഞ്ഞ നാലുദിവസം മുതല്‍ എന്നെ പകുതി ശമ്പളവ്യവസ്ഥയിലാക്കിയിരിക്കയാ. വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ വിട്ടുപോകാം. ഇതവള്‍ എങ്ങിനെയോ അറിഞ്ഞെടാ. അതോടെ കാര്‍ഷിക ലോണ്‍ നിരസിക്കുന്ന ലാഘവത്തോടെയല്ലേ അവള്‍ എന്നെ നിരാകരിച്ചത്."
"അതു കഷ്ടമായല്ലോ"
"നിനക്കറിയ്യോ, എന്റെ ഈ ജോലി പോയാല്‍ ഞാന്‍ ശരിക്കും തെണ്ടേണ്ടി വരും. ലോണെടുത്ത് വാങ്ങിയ കാറിന്റെ ഗഡുക്കള്‍ അടക്കണം, അല്ലെങ്കില്‍ ലോണ്‍ തന്നവര്‍ അതു കൊണ്ടുപൊയ്ക്കോളും. പിന്നെ ഇന്‍ഷൂറന്‍സ് അടവുകള്‍. പോരാത്തതിനു ഫ്ലാറ്റിന്റെ ഇന്‍സ്റ്റാള്‍മന്റ്. മിക്കവാറും അനിത ജോലി ചെയ്യുന്ന ബാങ്കുകാര്‍ തന്നെ അതു ജപ്തിചെയ്തെടുത്തോളും."
"സുമുഖാ, നീ ഡെസ്പാകാതെ. എന്തെങ്കിലും വഴിയുണ്ടാകും. ജോലിയൊന്നും പോയിട്ടില്ലല്ലോ. ഈ മാന്ദ്യം മൂന്ന് നാല് മാസം കൊണ്ട് ശരിയാകുമെന്ന് പ്രതീക്ഷിക്കാം."
"ങ് ഹാ.. വെറുതെ പ്രതീക്ഷിക്കാം"
"സുമൂ, നിന്റെ ഓണ്‍ലൈന്‍ ഫ്രണ്ടും ബ്ലോഗനയുമായ ശാലിനി നമ്പ്യാരുമായി നീ ഭയങ്കര കമ്പനിയാണന്നല്ലെ പറഞ്ഞത്. എപ്പോഴും ചാറ്റിലും മറ്റുമാണല്ലോ. അവളുടെ ഫോട്ടൊയും അയച്ചുതന്നുവെന്നല്ലേ പറഞ്ഞത്. നിനക്കു താല്‍പ്പര്യമുള്ള കേസല്ലേ അത്."
"അതൊക്കെ ശരി തന്നെ, പക്ഷേ..."
"എന്തു പക്ഷേ, അതൊന്നു സീരിയസ്സായി പ്രോസീഡ് ചെയ്തു നോക്ക്."
"പ്രോസീഡ് ചെയ്തു നോക്കി. അവളെ നേരില്‍ കണ്ട് സംസാരിക്കാനായി ഇന്ന് വൈകീട്ട് സ്റ്റാര്‍ റെസ്റ്റാറണ്ടിലേക്ക് ഞാന്‍ ക്ഷണിച്ചതാണ്"
"എന്നിട്ട്?!"
"എന്തുപറയാനാ, കണൂ, ഇന്നല്ലേ അവള്‍ ആ രഹസ്യം പുറത്ത് വിട്ടത്."
"എന്തു രഹസ്യം?, മാരീഡ് ആണോ, അതോ ഇനിവല്ല എയിഡ്സ്, അങ്ങനെ എന്തെങ്കിലും?!!"
"അതൊന്നുമല്ലഡോ. അവള്‍ ശരിക്കുള്ള ഐഡന്റിറ്റി വെളിപ്പെടുത്തി. ശാലിനി നമ്പ്യാർ 'അവള'ല്ലത്രേ, 'അവന്‍' ആണെന്ന്!!!!. അവളുടെ, സോറി, അവന്റെ ബ്ലോഗ് നാമം കാമുകിയുടെയാണത്രേ. എനിക്ക് അയച്ചുതന്ന ഫോട്ടോ നെറ്റില്‍ എവിടെനിന്നോ തപ്പിയെടുത്തതും.!!!"
"ഇതിപ്പോ സാമ്പത്തികമാന്ദ്യം പിടിച്ചവന്റെ തലയില്‍......"
"ശവത്തില്‍ കുത്താതെഡാ.."
"ശരി ശരി ഞാന്‍ വൈകീട്ട് നിന്റടുത്ത് വരാം. മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."
"ഉം.."
.........
എന്നാലും ന്റെ 'ശാലൂ', എന്നെ ഇത്രയധികം കൊതിപ്പിച്ചിട്ട്, ഇതു വേണ്ടായിരുന്നു...അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയുന്നപോലെയല്ലേ നിന്നിലുള്ള എന്റെ പ്രണയമോഹങ്ങള്‍ തകര്‍ന്നടിഞ്ഞത്.
*****
('ദിസ്‌കൈമള്‍’:
ഇതിലെ കഥാപാത്രങ്ങളും പേരുകളും ആരേയും ഉദ്ദേശിച്ചല്ല, വെറും സാങ്കല്പികം മാത്രം.
ഈ കഥയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ. )
42 comments:
എന്റെ കൃഷണ്ണാ ചിരിച്ച് ക്രഷ് ആയി..
ഈ സാമ്പത്തിക മാന്ദ്യം കാരണം വന്ന് വന്ന് മനസമാധനത്തോടെ ഒന്ന് സൊള്ളാന്‍ പോലും വയ്യാതെ ആായി അല്ലേ..
തേങ്ങ മൈ വക.
{{{{{{{{{{{ഠേ}}}}}}}}}
ഠോ.. ഠോ... ഠോ...
എന്തൂട്ട് അലക്കാ മാഷേ ഇത്!!കലക്കി കഞ്ഞി വെച്ചു...
എന്തായാലും ഈ ദീപാവലി സ്പെഷൽ ഗുണ്ടിന് തേങ്ങ എന്റെ വക..
സംഭവം ചിരിപ്പിച്ചു, കൃഷ് ചേട്ടാ...
എന്നാലും ഇതേ പേരില്‍ ബ്ലോഗര്‍മാരുള്ളത് മറക്കരുത്. പേരു മാറ്റുന്നത് നന്നായിരിയ്ക്കും എന്ന് തോന്നുന്നു.
ശ്രീ: സൂചിപ്പിച്ചതിനു നന്ദി. ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രം. ആരേയും ഉദ്ദേശിച്ചല്ല. ഈ പേരിലുള്ള ഏതെങ്കിലും ബ്ലോഗർമാരുണ്ടെങ്കിൽ അവർ ആ സ്പിരിറ്റിൽ എടുക്കുമെന്ന് കരുതുന്നു.
ഹഹഹ എന്താണ്ടോ കര്‍മ്മം.. എന്താണ് നിങ്ങളീ കാട്ടണത്? ചിരിച്ച് ഒരു വഴിക്കായപ്പോ :)
ഈ ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഓരോ പൊല്ലാപ്പുകളേ....
രസായിരിക്കുന്നു കൃഷ്..
നന്ദന്‍/നന്ദപര്‍വ്വം
പ്രിയപ്പെട്ട ക്രിഷു....
കണുവിനെയും സുമുവിനെയും ഇഷ്ടമായി....
എന്ന് സ്വന്തം കഥൂ.....
ഹി ഹി ഹി ഹി ഹി ഹി...... സുമു, സോറു ക്രിഷു, ഞാനും ചിരിച്ച് ചിരിച്ച് ക്രഷായിപ്പോയി..
എനിക്ക് വയ്യ.
തകര്‍പ്പന്‍ തട്ടുപൊളിപ്പന്‍. ഇന്നത്തെ കാലത്തിനു ചേരുന്ന ലൌ സ്റ്റോറി. ഹി ഹി.
തേങ്ങ, ഗുണ്ട് ഇവക്ക് ശേഷം എന്റെ ഒരു ബോംബും ആവട്ടെ
{{{{{{{{{{{ടമാര്‍ര്‍ര്‍ര്‍}}}}}}}}}
ഹ ഹ ഹ ഹ
കൃഷേ.......ജ്ജ് വെറും കൃഷല്ല, കൃഷ് കൃഷ്ണനാ....സുമുഖന്‍ സൂപ്പര്‍, സുന്ദരം.
ഇതും പറഞ്ഞ് സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്. - അപ്പോഴും അംബുരത്തിനിട്ടൊന്ന് ഞെക്കാന്‍ മറന്നില്ല്യാല്ലേ .
ഇങ്ങനത്തെ ഇനിയും പോരട്ടെ..
ഓടോ: ഈ ചിരിക്കിടയിലും, പണിപോയവരുടെ, പോകാന്‍ ഇരിക്കുന്നവരുടെ അവസ്ഥയില്‍ ആകുലനാണ്.
അവള്‍ അവന്‍ ആയത് പോട്ടേ..
ശാലിനി നമ്പ്യാര്‍ ഒരു പാരഗ്രാഫ് കഴിഞ്ഞപ്പോഴേക്കും ഈങ്ങനെ ശാലിനി മേനോന്‍ ആയി? അത് പറ ;)
ലിംഗം മാറിയാലും ജാതി മാറരുത് എന്ന് ആരോ പണ്ടു പറഞ്ഞത് മറന്നോ?
ലിംഗം മാറിയാൽ ജാതിയും മാറാമെന്ന് പണ്ടാരോ ഒരിക്കൽ പറഞ്ഞതോർമ്മയില്ലേ വിയെമ്മേ.
ആ ശ്രീ പറഞ്ഞതോണ്ടല്ലേ ‘വാൽ’ മാറ്റിയത്.
ദാ,പ്പോ ശരിയാക്കിതരാംട്ടോ.
ഹഹ..
എന്തൂട്ട് അലക്കാ അലക്കണതിഷ്ടാ.. മന്ദ്യം സൂപ്പര്‍ബ്..!
Good one... :) Economic recession has got certain after effects like these also na.... ha ha...
കൃഷ് ഭായി,
പോസ്റ്റ് കലക്കന്‍.
ബ്ലോഗ്ഗര്‍മ്മാരുടെ വൃക്ഷസാംബുരവും കിടുങ്ങാനിടയുണ്ടല്ലെ, വല്ലാത്തൊരു മാന്ദ്യം തന്നെ.
ബ്ലൊഗിണി ബ്ലോഗ്ഗന്‍ ആയ വാചകം ഇഷ്ടപ്പെട്ടേ..
രസമായീ ട്ടോ.
ജീവിക്കുന്ന കാലത്തെ കണ്ണാടി പോലെ കഥയായി പറഞ്ഞിരിക്കുന്നു. വസ്‌തുത ഒരു ഷോര്‍ട്‌സര്‍ക്യൂട്ട് ക്യാമറിയിലൂടെ കാണുന്നതുപോലെ കഥ.
ഹിഹിഹി
അലക്കി മച്ചൂ :)
ഹാ ഹാ...കൃഷേ.:)
:):):):)
കലക്കി! 'സുമുഖന്‍' ന്നൊക്കെ പ്പറഞ്ഞപ്പോ എന്നെപ്പറ്റിയാണെന്ന് ഞാനങ്ങുറപ്പിച്ചതാ (
ചിരിച്ചൊരു വഴിക്കായി... :)
സൂപ്പര്‍.
കൃഷ് ഭായീ... ആത്മകഥേം കഥിച്ചു തൊടങ്ങ്യോ :)
എന്നിട്ട് ശാലുമോള്‍ അടുത്ത സ്റ്റാറ്റസ് മെസേജ് ഇട്ടൊ..
“വില്‍കാനുണ്ട് സ്വപ്നങ്ങള്‍.. “
ചാത്തനേറ്:ഒരു സുഹൃത്തിന്റെ മാട്രിമോണി പരസ്യത്തില്‍ നോണ്‍- ഐടി പെണ്‍പിള്ളാരെ മതിയെന്ന്... കഞ്ഞി കുടിച്ചെങ്കിലും കഴിയാലോന്ന് വച്ചായിരിക്കും..
ഇതെന്താ മോഹന്‍ലാലിന്റെ ബോയിംഗ് ബോയിങ്ങിനു പഠിക്കുകയാണോ? ഒന്നിനെ പോറ്റാന്‍ പാടാ. പിന്നെ ഇത്രയും എണ്ണത്തിനെ...ഇത്രയും എണ്ണത്തിനെ ഒറ്റ സ്റ്റ്രെച്ചില്‍ പോറ്റിയാല്‍ തന്നെ വേള്‍ഡ് ബാങ്ക് എം.ഡിയും തെണ്ടും....
സാമ്പത്തിക മാന്ദ്യം ഈ മേഖലയെയും ക്രഷാക്കിയെന്ന സത്യം കൃഷിന്റെ ബ്ലോഗില്‍ നിന്ന് മാത്രമാണു മനസ്സിലായത്.
നോക്കിയായില്‍ നോക്കി ഇരിക്കാതെ പോയി വേറെ എന്തെങ്കിലും പണിയെടുക്ക് എന്റെ സുമുഖാ..അല്ലായെങ്കില്‍ സുമുഖനു എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍...
സസ്നേഹം,
പഴമ്പുരാണംസ്.
ഹോ, ഈ സാമ്പത്തികമാന്ദ്യം ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമോ? സുമുഖന്മാരുടെ കാര്യം കഷ്ടം തന്നെ.
(ഈ ബോയിംഗ് ബോയിംഗ് പോസ്റ്റ് നന്നേ രസിച്ചു കേട്ടോ..)
സാമ്പത്തീകമാന്ദ്യം വരുത്തി വയ്ക്കുന്ന ഓരോരോ പൊല്ലാപ്പുകൾ!!
പോസ്റ്റ് കൊള്ളാം
കൊള്ളാം.
നല്ലൊരു ചിരിക്ക് വക നല്‍കിയതിന് നന്ദി
നന്നായിരിക്കുന്നു.
ഊരിയിളകിപ്പോയ അടപ്പ് തപ്പുകാരുന്നു ഇത്രേം നേരം...
എന്നാലും വല്ലാത്തൊരു അലക്കായിപ്പോയീ മാഷേ
കൃഷ് ചേട്ടോ ,കലക്കി മറിച്ചു..ഇന്നത്തെ ലോകത്തിന്റെയും ബൂലോകത്തിന്റെയും പച്ചയായ യഥാര്‍ത്ഥ്യം ...
ആദര്‍ശ് ,
കോലത്തുനാട് .
കൊള്ളാലോ മാഷേ....
ഇഷ്ടായീ.....
ജി. മനു: തേങ്ങയടിച്ചതിനു നന്ദി.
സാമ്പത്തികമാന്ദ്യം കൊണ്ട് എന്തായാലും സൊള്ളല്‍ നിര്‍ത്തണ്ടാ.
പൊറാടത്ത്: നന്ദി. ദീപാവലി തേങ്ങാ ഗുണ്ടിനും.
നന്ദകുമാര്‍: നന്ദി. ഏതായാലും പുതിയ ഒരു വഴിയായില്ലേ. സമാധാനിക്കൂ.
കഥാകാരന്‍: കഥുവിനു സുമുവിനെയും കണുവിനെയും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
മഴത്തൂള്ളി: ബോംബിനു നന്ദി. ഇത് പൊട്ടിച്ചിട്ടാണോ ക്രഷ് ആയിപ്പോയത്, അച്ചായാ.
കുറുമാന്‍: നന്ദി. സന്തോഷം.
അതെ, ഇന്നത്തെ ഈ സാമ്പത്തിക മാന്ദ്യം പല പല തൊഴില്‍ പ്രശ്നവും സാമൂഹിക പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു ഐ.ടി.തൊഴിലാളി തന്റെ കുടുംബത്തിലുള്ളവരെ കൊലപ്പെടുത്തിയത് ഈ മാന്ദ്യം സൃഷ്ടിച്ച ഒരു പ്രശ്നം തന്നെയല്ലെ.
വിയെം: നന്ദി.ശരിയാക്കീട്ടോ.
കുഞ്ഞന്‍: നന്ദി.
സതീര്‍ത്ഥ്യന്‍: നന്ദി. ഈ സാമ്പത്തികമാന്ദ്യത്തിന്റെ അനന്തരഫലങ്ങള്‍ കേരളത്തിലെ ഐ.ടി./ബി.പി.ഒ.കമ്പനികളിലും കണ്ടുതുടങ്ങിയല്ലോ.
അനില്‍@ബ്ലോഗ്: നന്ദി. അതെ, പല ‘അംബുരങ്ങളും’ കിടുങ്ങാന്‍ തുടങ്ങിയല്ലോ.
വിദുരര്‍: നന്ദി. ഇതൊക്കെ നമുക്ക് ചുറ്റും നടക്കുന്നതും നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളല്ലേ.
സിയാ: നന്ദി.
വേണു: നന്ദി.
കാപ്പിലാന്‍: നന്ദി+:)
പാമരന്‍: നന്ദി. അയ്യോ, ‘സുമുഖന്‍’ പാമരനാണെന്ന് ഉറപ്പിച്ചിരിക്കയായിരുന്നോ.
അപ്പോള്‍ ലൈനുകളൊക്കെ മുറിഞ്ഞുതുടങ്ങിയോ. എന്തായാലും അവസാനത്തെ ‘കുടുക്കി’ല്‍ പെട്ടില്ലല്ലോ? :)
ഇത്തിരിവെട്ടം: നന്ദി.
അഗ്രജന്‍: നന്ദി അഗ്രൂ. ഇജ്ജിന്റെ ആത്മകഥ പോലെ തോന്ന്യാ. :)
ഇട്ടിമാളു: നന്ദി. പുതിയ സ്റ്റാറ്റസ് മെസ്സേജ് ഇട്ടുകാണണമല്ലോ. അതില്‍ കൊളുത്താനും കാണും ‘ബ്ലോഗിരകള്‍’.
കുട്ടിച്ചാത്തന്‍: നന്ദി. ആ പരസ്യം ചാത്തന്റെ ആയിരുന്നില്ലല്ലോ. പെണ്ണ് കെട്ടാത്ത ഐടി കുട്ടന്മാര്‍ വേഗം കെട്ടുക. അല്ലെങ്കില്‍ ഇങ്ങനെയും പരസ്യം വരാം. സുന്ദരിയായ യുവതിക്ക് അനുയോജ്യരായ വരന്മാരെ ആവശ്യമുണ്ട്. ഐടിക്കാര്‍ അപേക്ഷിക്കേണ്ടതില്ല!!!!
ഓരോ മാന്ദ്യത്തിന്റെ കാര്യങ്ങളേ!
സേനു ഈപ്പന്‍ തോമസ്: നന്ദി. കുറച്ച് കാശ് കൈയ്യില്‍ വരുമ്പോള്‍ പല ‘സുമുഖന്‍’മാരും ‘ബോയിംഗ് ബോയിംഗ്’ സ്റ്റൈല്‍ ആവാറുണ്ടല്ലോ. ഇടക്ക് ഒരു തിരിച്ചടി സ്വാഭാവികം. ഇന്നത്തെ കാലത്ത് പ്രണയമേഖലയുടെ അടിത്തറ തന്നെ സാമ്പത്തികകെട്ടുറപ്പല്ലേ.
ബിന്ദു : നന്ദി.
ലക്ഷ്മി : നന്ദി.
മാണിക്യം: നന്ദി.
വികടശിരോമണി : നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. തപ്പിയിട്ട് ഊരിപ്പോയ ‘അടപ്പ്’ കിട്ടിയോ.
ആദര്‍ശ്: നന്ദി.
രണ്‍ജിത്ത് ചെമ്മാട്: നന്ദി.
“ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്. “
ക്രിഷേട്ടനെ മഹാകവി ആക്കിയ ആ വാക്കിനോടുള്ള കൂറ് ഞാൻ മനസ്സിലാക്കുന്നു.
പോസ്റ്റ് മനോഹരവും നല്ലൊരു കുലുങ്ങി ചിരിക്ക് വക നൽകിയതും ആവുന്നു. നന്ദി. :)
സാമ്പത്തിക മാന്ദ്യം തന്നേ എല്ലായിടത്തും. നോക്കിയ 600, മോട്ടറോള 3000...
പൊങുമ്മൂടന്‍: നന്ദി.
മേരിക്കുട്ടി: നന്ദി.
അണ്ണാ തകര്‍ത്ത് വാരി.
:-)
ഉപാസന
അണ്ണോ ഒരോഫ്
ദിപ്പഴാണ് കണ്ടത്..!!!
ഇട്ടിമാളൂ “വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍” കോപ്പിറൈറ്റഡ് ആണ്. ഉപാസനയുടെ. ആ വാക്കിന്റെ അര്‍ത്ഥം കളഞ്ഞ് കുളിക്കരുത്.
പ്ലീസ്..!
:-)
ഉപാസന
ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രം...എന്ന്പ്രത്യേകിച്ചെടുത്തു പറഞ്ഞതിന്റെ ഉദ്ദെശം.............
ഏതായാലും മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."
അതേ അതു തന്നെ ഒറ്റമൂലി बार बार Bar!!
നന്നായി ഒന്നു ചിരിച്ചു ..:) നന്ദീസ്!
കലക്കിയല്ലോ! അടിപൊളി ആഗോള സാമ്പത്തിക മാന്ദ്യം ഇത്രേം രൂക്ഷമാണെന്നറിയില്ലാരുന്നു.
കൊള്ളാം നന്നായിട്ടുണ്ട്. ചിരിക്കുളള വക തന്നതിന് അഭിനന്ദനങ്ങള്‍
Post a Comment