Wednesday, October 29, 2008

ചിന്താവിഷ്ടനായ സുമുഖന്‍.

ചിന്താവിഷ്ടനായ സുമുഖന്‍.

ഓഫീസ്‌ കാന്റീനിലെ ഒരു മൂലയിലെ കസേരയിലിരുന്ന് കോഫിയും രുചിച്ചുകൊണ്ട്‌ കഥാനായകനും 'സുമുഖന്‍' എന്ന നാമധേയത്തില്‍ ബൂലോഗം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ബ്ലോഗന്‍ ചിന്തയിലാണ്ടിരിക്കയാണ്‌.

എന്നാലും എന്റെ ശാലൂ. അവളില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗില്‍ പോസ്റ്റിട്ട്‌ അഗ്രിഗേറ്റര്‍ പിടിക്കാത്തതുകാരണം ഒരു ദിവസം കഴിഞ്ഞിട്ടും കമന്റുകള്‍ കിട്ടാത്തപോലെ, സുമുഖന്റെ മനസ്സാകെ അസ്വസ്ഥമാണ്‌.

തന്റെ പുതിയ മോഡല്‍ 'നോക്കിയ' സുമുഖനെ തന്നെ നോക്കിയിരുപ്പാണ്‌. എന്താ എന്നെയൊന്ന് ഞെക്കാത്തത്‌, ആരേയും വിളിക്കാനില്ലേ, എന്ന മട്ടില്‍. ഇത്‌ മനസ്സിലാക്കിയെന്നോണം സുമുഖന്‍ 'നോക്കിയ'യെ കൈയ്യിലെടുത്ത്‌ അഡ്രസ്സ്‌ ലിസ്റ്റില്‍ നിന്നും തന്റെ ഉറ്റമിത്രവും സഹബ്ലോഗനുമായ 'കണാര'നെ വിളിച്ചു.
"കോലക്കുഴല്‍ വിളി കേട്ടോ.. രാധേ എന്‍ രാധേ.." എന്ന റിംഗ്‌ ടോണ്‍ സംഗീതം ഒഴുകുന്നു. 'ഉവ്വ്‌ ഉവ്വേ, കേട്ടു, ഫോണെടുക്കടാ കണാരാ' എന്നു മനസ്സില്‍ പറഞ്ഞു.


സുമുഖന്‍: "ഹലോ, കണൂ.."

കണാരന്‍: "ഹായ്‌.. സുമൂ. എന്തൊക്കെയുണ്ടടാ വിശേഷങ്ങള്‍. നിന്നെയിപ്പോള്‍ കൂടുതലായി കാണുന്നില്ലല്ലോ. എന്തു പറ്റി, ലൈനുകളുടെ എണ്ണം കൂടിയതാണോ?"

സുമു: " ഹേയ്‌, അതൊന്നുമല്ല. പിന്നേ എന്റെ മൊബെയിലിലെ പ്രീ-പെയ്ഡ്‌ ചാര്‍ജ്‌ തീരാറായി. നീ ഇങ്ങോട്ട്‌ വിളിക്കൂ" ഇതും പറഞ്ഞ്‌ സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്‌. അതിനടുത്ത നിമിഷം തന്നെ 'നൊക്കിയ' സുമുഖനെ നോക്കികൊണ്ട്‌ " കള്ളാ കള്ളാ കൊച്ചുകള്ളാ, നിന്നെ കാണാനെന്തൊരു ചേലാണ്‌.." എന്ന കിളിനാദം പൊഴിച്ചുകൊണ്ട്‌ സ്ക്രീന്‍ തെളിഞ്ഞു വന്നു "കണൂ കാളിംഗ്‌".

കണൂ: 'ഹലോ, സുമൂ, എന്താടാ കാര്യം?'
സുമൂ: 'പ്രത്യേകിച്ച്‌ ഒന്നുമില്ല. എന്നാലും മനസ്സിനു ചെറിയ ഒരു അസ്വസ്ഥത.'

കണൂ: ' എന്തുപറ്റി. സോഫിയ നിന്നെ വിട്ടോ? എന്താ കാര്യം തെളിച്ചു പറയൂ.'

സുമൂ: “ അതിനു സോഫിയയെ ഞാന്‍ ഒരാഴ്ചമുമ്പേ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയില്ലേ. നിനക്കറിയോ പ്രൈവറ്റ്‌ എയര്‍ലൈന്‍സില്‍ ജോലിയുള്ള അവളെ, സാമ്പത്തികമാന്ദ്യം കാരണം എയര്‍ലൈന്‍സുകാര്‍ പിരിച്ചുവിട്ടു. അതോടെ ഞാനും അവളുമായിട്ടുള്ള പ്രേമത്തിന്റെ 'കണക്ഷന്‍ ഫ്ലൈറ്റ്‌' കാന്‍സല്‍ ചെയ്തു.“

"അപ്പോ പിന്നെ ആരതി പിള്ളയില്ലേ, പിന്നെന്താ"

"സോഫ്റ്റ്‌വെയര്‍ കമ്പനിയിലുള്ള അവളെയും കഴിഞ്ഞാഴ്ച പറഞ്ഞുവിട്ടെടാ. അതുകൊണ്ട്‌ ജോലിപോയ അവളുമായുള്ള LAN (Love Area Network) കണക്ഷണും ഡിസ്കണക്റ്റ്‌ ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം എന്റെ എത്ര ലൈനാടാ കട്ടായത്‌. ജോലിയില്ലാത്ത ലവളുമാരുമായി പ്രേമത്തിന്റെ 143 കരാര്‍ ഒപ്പിട്ടാല്‍ ലവ്‌ മെയിന്റനന്‍സ്‌ ചിലവിനുകൊടുത്ത്‌, അമേരിക്കന്‍ ബാങ്കുകളെപോലെ ഞാന്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടിവരും."


"ജോലി പോകാന്‍ സാധ്യതയില്ലാത്ത വേറെയും ചില സെറ്റപ്പുകള്‍ നിനക്കുണ്ടല്ലോ, പിന്നെന്ത ഇത്ര വ്യസനിക്കാന്‍?"

"അതുതന്നെയായിരുന്നു കണൂ, എന്റെയും ആശ്വാസം. ഒന്നുകില്ലെങ്കിലും പബ്ലിക്‌ സെക്ടര്‍ ബാങ്കില്‍ ജോലിയുള്ള അനിതയുണ്ടല്ലോ"

"പിന്നെന്താ നിനക്കിത്ര ടെന്‍ഷന്‍. നീ തന്നെയല്ലെ ഒരിക്കല്‍ പറഞ്ഞത്‌ അവള്‍ നല്ല സ്മാര്‍ട്ടാണെന്ന്."

"അതൊക്കെ ശരി തന്നെ. എനിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. പക്ഷേ, വണ്ടിച്ചെക്ക്‌ പോലെയല്ലേ അവളെന്നെയെടുത്ത്‌ ചവറ്റുകുട്ടയിലേക്കിട്ടത്‌."

"ഓഹോ, അതെന്തുപറ്റി? അവള്‍ക്കും നിന്നോടിഷ്ടമായിരുന്നല്ലോ. നിന്റെ മറ്റു പ്രീ-പെയ്ഡ്‌ കണക്ഷനുകളെക്കുറിച്ച്‌ അവള്‍ അറിഞ്ഞോ?"

"അതൊന്നുമല്ല. നിനക്കറിയ്യോ, ആഗോളസാമ്പത്തികമാന്ദ്യത കാരണം ഞങ്ങളുടെ കമ്പനിയിലെ ചിലരെ പിരിച്ചുവിട്ടിരുന്നല്ലോ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, കഴിഞ്ഞ നാലുദിവസം മുതല്‍ എന്നെ പകുതി ശമ്പളവ്യവസ്ഥയിലാക്കിയിരിക്കയാ. വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ വിട്ടുപോകാം. ഇതവള്‍ എങ്ങിനെയോ അറിഞ്ഞെടാ. അതോടെ കാര്‍ഷിക ലോണ്‍ നിരസിക്കുന്ന ലാഘവത്തോടെയല്ലേ അവള്‍ എന്നെ നിരാകരിച്ചത്‌."

"അതു കഷ്ടമായല്ലോ"

"നിനക്കറിയ്യോ, എന്റെ ഈ ജോലി പോയാല്‍ ഞാന്‍ ശരിക്കും തെണ്ടേണ്ടി വരും. ലോണെടുത്ത്‌ വാങ്ങിയ കാറിന്റെ ഗഡുക്കള്‍ അടക്കണം, അല്ലെങ്കില്‍ ലോണ്‍ തന്നവര്‍ അതു കൊണ്ടുപൊയ്ക്കോളും. പിന്നെ ഇന്‍ഷൂറന്‍സ്‌ അടവുകള്‍. പോരാത്തതിനു ഫ്ലാറ്റിന്റെ ഇന്‍സ്റ്റാള്‍മന്റ്‌. മിക്കവാറും അനിത ജോലി ചെയ്യുന്ന ബാങ്കുകാര്‍ തന്നെ അതു ജപ്തിചെയ്തെടുത്തോളും."

"സുമുഖാ, നീ ഡെസ്പാകാതെ. എന്തെങ്കിലും വഴിയുണ്ടാകും. ജോലിയൊന്നും പോയിട്ടില്ലല്ലോ. ഈ മാന്ദ്യം മൂന്ന് നാല്‌ മാസം കൊണ്ട്‌ ശരിയാകുമെന്ന് പ്രതീക്ഷിക്കാം."

"ങ്‌ ഹാ.. വെറുതെ പ്രതീക്ഷിക്കാം"

"സുമൂ, നിന്റെ ഓണ്‍ലൈന്‍ ഫ്രണ്ടും ബ്ലോഗനയുമായ ശാലിനി നമ്പ്യാരുമായി നീ ഭയങ്കര കമ്പനിയാണന്നല്ലെ പറഞ്ഞത്‌. എപ്പോഴും ചാറ്റിലും മറ്റുമാണല്ലോ. അവളുടെ ഫോട്ടൊയും അയച്ചുതന്നുവെന്നല്ലേ പറഞ്ഞത്‌. നിനക്കു താല്‍പ്പര്യമുള്ള കേസല്ലേ അത്‌."


"അതൊക്കെ ശരി തന്നെ, പക്ഷേ..."

"എന്തു പക്ഷേ, അതൊന്നു സീരിയസ്സായി പ്രോസീഡ്‌ ചെയ്തു നോക്ക്‌."

"പ്രോസീഡ്‌ ചെയ്തു നോക്കി. അവളെ നേരില്‍ കണ്ട്‌ സംസാരിക്കാനായി ഇന്ന് വൈകീട്ട്‌ സ്റ്റാര്‍ റെസ്റ്റാറണ്ടിലേക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌"

"എന്നിട്ട്‌?!"

"എന്തുപറയാനാ, കണൂ, ഇന്നല്ലേ അവള്‍ ആ രഹസ്യം പുറത്ത്‌ വിട്ടത്‌."

"എന്തു രഹസ്യം?, മാരീഡ്‌ ആണോ, അതോ ഇനിവല്ല എയിഡ്സ്‌, അങ്ങനെ എന്തെങ്കിലും?!!"

"അതൊന്നുമല്ലഡോ. അവള്‍ ശരിക്കുള്ള ഐഡന്റിറ്റി വെളിപ്പെടുത്തി. ശാലിനി നമ്പ്യാർ 'അവള'ല്ലത്രേ, 'അവന്‍' ആണെന്ന്‌!!!!. അവളുടെ, സോറി, അവന്റെ ബ്ലോഗ്‌ നാമം കാമുകിയുടെയാണത്രേ. എനിക്ക്‌ അയച്ചുതന്ന ഫോട്ടോ നെറ്റില്‍ എവിടെനിന്നോ തപ്പിയെടുത്തതും.!!!"

"ഇതിപ്പോ സാമ്പത്തികമാന്ദ്യം പിടിച്ചവന്റെ തലയില്‍......"

"ശവത്തില്‍ കുത്താതെഡാ.."

"ശരി ശരി ഞാന്‍ വൈകീട്ട്‌ നിന്റടുത്ത്‌ വരാം. മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."

"ഉം.."

.........

എന്നാലും ന്റെ 'ശാലൂ', എന്നെ ഇത്രയധികം കൊതിപ്പിച്ചിട്ട്‌, ഇതു വേണ്ടായിരുന്നു...അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയുന്നപോലെയല്ലേ നിന്നിലുള്ള എന്റെ പ്രണയമോഹങ്ങള്‍ തകര്‍ന്നടിഞ്ഞത്‌.

*****

('ദിസ്‌കൈമള്‍’:
ഇതിലെ കഥാപാത്രങ്ങളും പേരുകളും ആരേയും ഉദ്ദേശിച്ചല്ല, വെറും സാങ്കല്പികം മാത്രം.
ഈ കഥയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
)

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP