Monday, June 8, 2009

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

( ഇനിവല്ലതും കഴിച്ചുകൊണ്ട്‌ ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെ നോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെ കണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്ന ആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ? ..... ആദ്യഭാഗം ഇവിടെ )

. . .

അല്ലെങ്കിലും ഇറച്ചിയും മീനും കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍, വല്ലപ്പോഴും പാര്‍ട്ടികളിലല്ലെങ്കില്‍, തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)
ദേ, അപ്പോഴുണ്ട്‌ സല്‍സ്വഭാവി മനസ്സു പറയുന്നു, വേണ്ടാ, മദ്യപാനം നല്ലതല്ല, ഇന്നലെയല്ലേമീനുണ്ടെന്നും പറഞ്ഞ്‌ കുറച്ച്‌ അകത്താക്കിയത്‌. ഇത്‌ ശരിയാവൂല്ല. ആശവന്ന മനസ്സുണ്ടോവിട്ടുകൊടുക്കുന്നു. അത്‌ ഇന്നലെയല്ലേ? ഇന്ന്‌ അല്‍പ്പം കഴിക്കുന്നതുകൊണ്ടെന്താ, എന്നുംകഴിക്കാറില്ലല്ലോ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമല്ലേ. അവസാനം ആശാമാനസത്തിന്റെപ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഫ്രിഡ്ജില്‍ നിന്നും 'ഒപ്പു'ള്ള കുപ്പി തുറന്ന്‌ ഗ്ലാസ്സിലേക്ക്‌ ഒരു സ്മാള്‍ ഒഴിച്ചത്‌ലാര്‍ജും കഴിഞ്ഞ്‌ പട്യാല വരെ പോയോന്നൊരു സംശയം ഇല്ലാതില്ല.റിയാല്‍ട്ടി സംഗീതവും റിയലായി പെഗും ടച്ചിംഗിനു മീങ്കറിയും. ഇദ്ദാണ്‌ പഷ്ട്‌ ഗോമ്പിനേഷന്‍. ചുമ്മാതല്ല, ചിലര്‍ പാടുമ്പോള്‍ നമ്മളും കൂടെ പാടിപ്പോവുന്നതും, ലവന്‌ ശ്രുതിയും സംഗതിയുംപോരാന്ന്‌ പറയുന്നതും. അങ്ങനെ 'സംഗതി'സംഗീതസാഗരത്തില്‍ നീരാടികഴിഞ്ഞതുംദേവീമാഹാത്മ്യവുമായി കോവിലമ്മയുടെ വരവായി. ഭക്തന്റെ ഒപ്പ്‌സേവ കോവിലമ്മയെങ്ങാനുംകണ്ടുപോയാല്‍, നോട്ടം കണ്ടാല്‍ ഉള്ള വീര്യവും പോയാലോ.(അതുമല്ല, മണികണ്ഠന്‍ ഇപ്പോള്‍മണിസ്വാമിയായി വേഷം മാറി വന്നിട്ടുമുണ്ട്‌). ഗ്ലാസ്സ്‌ കാലിയാക്കി ആഹാരവും തീര്‍ത്ത്‌ കൈകഴുകിഒന്നുമറിയാത്തപോലെ ഉത്തമ ഭക്തനായി ദര്‍ശന സായൂജ്യത്തിനായി വന്നിരുന്നു. ചാനലുകാര്‍ഇല്ലായിരുന്നെങ്കില്‍, അവര്‍ ഇടക്കിടക്ക്‌ നമ്മളെ സീരിയലുകളിലൂടെ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌നയിച്ചില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം അധര്‍മ്മികളായി അധഃപതിച്ചുപോകുമല്ലോ എന്നോര്‍ത്ത്‌, ചാനല്‍ ദൈവങ്ങള്‍ക്ക്‌ മനസ്സാ 'പ്രണാമ'മര്‍പ്പിച്ചു!!

...

വീണ്ടും നെറ്റ്‌ലോകത്തേക്ക്‌ കുടിയേറാം. കുറെ ബ്ലോഗുകളിലും ഫ്ലിക്കറിലും കറങ്ങി കമന്റുകളുംതട്ടിയപ്പോഴേക്കും നിദ്രാദേവി കണ്ണുകളില്‍ തഴുകാന്‍ തുടങ്ങി. ഇനി ഇരുന്നാല്‍ ശരിയാവില്ല, അതിനാല്‍നേരത്തേ കിടക്കാം. ദിവസവും രാവിലെ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കണം, അതിനായിമൊബെയിലില്‍ അലാറം സെറ്റ്‌ ചെയ്തിട്ടുണ്ട്‌. പതിനൊന്നരയോടെ കിടന്നതും നിദ്രാദേവി വന്നുതഴുകിയുറക്കിയതും അറിഞ്ഞതേയില്ല.

മൊബെയില്‍ ശബ്ദിക്കുന്നു......
കണ്ണ്‌ തുറക്കാതെ, ഉറക്കച്ചടവോടെ കൈ അടുത്ത്‌വെച്ചിരിക്കുന്ന മൊബെയിലില്‍ തപ്പി. അപ്പോഴേക്കും ശബ്ദം നിലക്കുകയും ചെയ്തു. , ഇനി കുറെ നേരം കൂടി കിടന്നിട്ട്‌ എണീക്കാം. ഉറക്കമാണെങ്കില്‍ വിട്ടുമാറിയിട്ടില്ല. ടാപ്പില്‍ വെള്ളം രാവിലെ 5 മണിമുതല്‍ ഒരു മുക്കാല്‍മണിക്കൂര്‍നേരം വരും. ഒരു ദിവസം പിടിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ടാങ്കില്‍ കാണും. എന്നാലുംഅടുക്കളയിലേക്കുള്ള വെള്ളം ദിവസേന ശേഖരിക്കുകയാണ്‌ പതിവ്‌. ചില ദിവസങ്ങളില്‍ വൈകീട്ട്‌സപ്പൈ്ല‍ ഉണ്ടാവുമെങ്കിലും ഓഫീസില്‍നിന്നും വരുമ്പോഴേക്കും അത്‌ നിലച്ചുകാണും. അതിനാല്‍, രാവിലെ ഉറക്കച്ചടവോടെ, പാതിയടഞ്ഞ കണ്ണുമായി, പ്രൈവറ്റ്‌ ബസ്സിലെ കണ്ടക്ടറെപോലെആടിയാടി അവിടെയുമിവിടേയും മുട്ടാതെ, 10 മിനുറ്റ്‌ കൊണ്ട്‌ വെള്ളം പിടിച്ച്‌ വെച്ച്‌ വന്നു വീണ്ടുംകിടന്നാല്‍ പിന്നെ ഒരു രണ്ട്‌ മണിക്കൂര്‍ കൂടി ഉറങ്ങി ക്വോട്ട തീര്‍ത്തിട്ടെ ഏണിക്കൂ. അപ്പോഴാണ്‌മനസ്സില്‍ ഒരു ശങ്ക വന്നത്‌. ഇപ്പോള്‍ മൊബെയിലില്‍ ശബ്ദമുണ്ടാക്കിയത്‌ അലാറം ടോണ്‍ആയിരുന്നോ അതോ റിംഗ്‌ ടോണ്‍ ആയിരുന്നോ. , എന്തേലും ആവട്ടെ, പിന്നെ നോക്കാംഎന്നുകരുതി കിടന്നു. അഞ്ച്‌ മിനിറ്റിനകം ഒരു എസ്സെമെസ്സ്‌ ടോണ്‍ കൂടി ചിലച്ചു. ഇതാരപ്പാ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ എസ്സെമെസ്സ്‌ അയക്കുന്നത്‌.
പകലാണെങ്കില്‍, ബിസിനസ്സ്‌/സര്‍വീസ്സ്‌ എസ്സെമെസ്സുകളുടെ നിരയാണ്‌. ബാങ്കുകാരുടെ വക
"ലോണ്‍ തരാം കുറഞ്ഞ പലിശ നിരക്കില്‍, ഇന്നാ പിടിച്ചോ, വേഗം വരൂ", "ഇടപാടുകള്‍ നടത്താനായി ഇങ്ങള്‍ എന്തിനാണു സമയം കളഞ്ഞ്‌ ക്യൂവില്‍ പോയി നില്‍ക്കണം, ഞങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലോട്ട്‌ ലോഗ്‌ഇന്‍ ചെയ്യൂ, ഇടപാട്‌ നടത്തൂ", "ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച്‌ സകല കടകളിലും അരിച്ചുപെറുക്കി ഷോപ്പിംഗ്‌ ചെയ്യൂ,5% ഡിസ്കൗണ്ട്‌ നേടൂ" എന്നിങ്ങനെയുംഡിടിഎച്ച്‌ പ്രൊവൈഡര്‍സിന്റെ വക അവരുടെ പാക്കേജുകലും അലര്‍ട്ടുകളും, മൊബെയില്‍കമ്പനിക്കാരുടെ വക " ഈ കാളര്‍ ട്യൂണ്‍ സബ്സ്ക്രൈബ്‌ ചെയ്യൂ, പാട്ട്‌ കേള്‍ക്കൂ, സ്പോര്‍ട്സ്‌, വാര്‍ത്ത, അലര്‍ട്ടുകള്‍ നോക്കൂ", പിന്നെ അവസാനം നിങ്ങളുടെ മൊബെയില്‍ ബില്ല്‌ ഉടന്‍ അടക്കുകഎന്നുവരെയുള്ളവ ഇടക്കിടക്ക്‌ വന്നുകൊണ്ടിരിക്കും. പക്ഷേ, ഇവരെല്ലാം പകല്‍സമയത്താണ്‌എസ്സെമെസ്സ്‌ ശരങ്ങള്‍ അയച്ചുകൊണ്ടിരിക്കുക. ഇതിപ്പോ, അതിരാവിലെ ആരുടേതായിരിക്കും. നോക്കാം എന്നുകരുതി കണ്ണുതിരുമ്മി എഴുന്നേറ്റു. ജനലിലോട്ട്‌ നോക്കിയപ്പോള്‍ പ്രഭാതവെളിച്ചംപതിഞ്ഞിട്ടില്ലാത്തതുപോലെ (ഇന്ത്യയുടെ കിഴക്കേ അറ്റത്തായ ഇവിടെ രാവിലെ നാലര മണിക്കേനല്ല വെളിച്ചമായിരിക്കും. സമ്മര്‍ ആയതിനാല്‍ 5 മണിക്ക്‌ സൂര്യപ്രകാശം കാണാം). ഇനി പുറത്ത്‌മഴക്കാറുള്ളതുകാരണം മാനം ഇരുണ്ടതുകൊണ്ടാണോ വെളിച്ചക്കുറവ്‌. പെന്‍ ടോര്‍ച്ചെടുത്ത്‌വാച്ചിലേക്ക്‌ അടിച്ച്‌ നോക്കിയപ്പോഴുണ്ട്‌ സമയം 12 മണി കഴിഞ്ഞതേയുള്ളൂ.

ങേ, അപ്പോള്‍ രാവിലെയായി എന്നു കരുതി കഷ്ടപ്പെട്ട്‌ എണീറ്റത്‌ ഇതിനായിരുന്നോ. മൊബെയില്‍എടുത്ത്‌ നോക്കിയപ്പോള്‍ ഒരു മിസ്സ്ഡ്‌ കാള്‍ കിടക്കുന്നു. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍/ഫ്ലിക്കര്‍സുഹ്രുത്ത്‌ വിളിച്ചതായിരുന്നു. രാത്രി 12 മണി കഴിഞ്ഞ്‌. എന്താണാവോ ഇത്ര അത്യാവശ്യം. പിന്നെഎസ്സെംസ്സ്‌ തുറന്ന്‌ നോക്കിയപ്പോഴുണ്ട്‌ അങ്ങേരുടെ വക "
ഗ്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍..ര്‍ ..എന്നെ അടികൊള്ളിപ്പിക്കണമല്ലേ? ആ കുട്ടിയാണെങ്കില്‍ അവളുടെ ഫോട്ടോക്ക്‌ ലഭിക്കുന്ന കമന്റുകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ നോക്കുന്നുണ്ട്‌. എനിക്ക്‌ അടി വല്ലതും കിട്ടിയാല്‍ പാര്‍സല്‍ ആയി അയച്ചുതരും." എന്ന്‌ ഒരു വാണിംഗ്‌ മെസ്സേജ്‌. ഓഹോ, അപ്പോള്‍ അതാണല്ലേ സംഗതി. കിടക്കാന്‍വരുന്നതിനുമുന്‍പ്‌ അയാള്‍ പോസ്റ്റിയിരുന്ന, കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയുടെഫോട്ടോക്ക്‌ ഒരു കമന്റ്‌ ഇട്ടതാണോ ഇത്ര പ്രശ്നമായത്‌. അതിന്‌ ഇത്ര പ്രശ്നമുണ്ടാക്കേണ്ട കമന്റൊന്നുംഞാന്‍ കൊടുത്തില്ലല്ലോ. ' ചിത്രം മനോഹരമായിട്ടുണ്ട്‌, ഇത്‌ മോഡലാണോ അതോ പെണ്‍കൂട്ടുകാരിയാണോ?' എന്നു ചോദിച്ചതിനാണൊ അര്‍ദ്ധരാത്രിക്ക്‌ വിറളിപിടിച്ച്‌ മനുഷനെബുദ്ധിമുട്ടിക്കുന്നത്‌. നല്ലോരു ഉറക്കം കളഞ്ഞു. ഇനിയെന്തായാലും നാളെ വിളിക്കാമെന്ന്‌ കരുതിഉറക്കത്തിന്റെ ക്വോട്ടാപൂര്‍ത്തീകരണത്തിനായി വീണ്ടും കയറികിടന്നു.

. . .

രാവിലത്തെ 'അഭ്യാസങ്ങ'ളും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞ്‌ അപ്പീസിലേക്ക്‌തിരിക്കുന്നതിനുമുമ്പായി നെറ്റ്‌ തുറന്നപ്പോഴുണ്ട്‌ രാത്രി ഉറക്കം കെടുത്തിയ സുഹൃത്തിന്റെ മെസ്സേജ്‌കിടക്കുന്നു. സംഗതി ഇന്നലെ എസ്സെമെസ്സില്‍ എഴുതിയതുതന്നെ. പിന്നെ ഞാനിട്ട കമന്റുംഡിലിറ്റിയെന്ന്. രണ്ടു മിനിറ്റിനകം പഹയന്‍ ദാ ജി-ടാക്കില്‍ എത്തി "ആഹാ, ഇവിടെഒളിച്ചിരിക്കയാണല്ലെ" എന്നും ചോദിച്ചുകൊണ്ട്‌. '
അതേയ്‌, ആ കുട്ടി മോഡല്‍ രംഗത്തെക്കോ മറ്റോ കാലോ കൈയ്യോ കുത്താന്‍ പോണെന്ന്, അതുകൊണ്ട്‌ അവളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടത്രേ'. ഇതിനിപ്പോ നമ്മളെന്തു പിഴച്ചു. പബ്ലിക്കായി ഫോട്ടോപ്രദര്‍ശിപ്പിച്ചിട്ട്‌, കമന്റൂ കമന്റൂന്ന് പറഞ്ഞാല്‍ ഒന്ന് കമന്റാതെ പോയാല്‍ എന്തുകരുതുമെന്നതുകൊണ്ടല്ലേ. അതിത്ര തെറ്റായോ. എന്തായാലും വേറെ കമന്റിടാം എന്നു പറഞ്ഞ്‌ഗോമ്പ്രമൈസായി.

പിന്നീട്‌ ആപ്പീസിലെത്തിയശേഷം പുള്ളിയെ ഫോണില്‍ വിളിച്ചു. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. ആശാന്‍ ലഞ്ചാന്‍ പോകാനിരിക്കുകയായിരുന്നുവത്രേ. ഇതന്നെ ടെലിഫോണ്‍വധത്തിനു പറ്റിയ സമയം. രാത്രി 12 മണി കഴിഞ്ഞ്‌ വിളിച്ച്‌ ഉറക്കം കളഞ്ഞതിനു പകരം വീട്ടാന്‍പറ്റിയ ചാന്‍സ്‌. കൊച്ച്‌ ഇടക്ക്‌ ഫോണ്‍ ചെയ്യാറുണ്ടെന്നും നെറ്റില്‍ കയറി കമന്റുകള്‍ശ്രദ്ധിക്കാറുണ്ടെന്നും, പിന്നെ അവള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ്‌ കമന്റ്‌ ഡിലിറ്റ്‌ ചെയ്തത്‌എന്നൊക്കെയുള്ള ഒരു തരം "എന്നെ കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" എന്ന ഭാവംസംസാരത്തില്‍ തെളിഞ്ഞുവെങ്കിലും, ഞാന്‍ മാത്രമല്ല, വേറെ അറിയാവുന്ന ചിലരും ഫോണിലൂടെയുംമറ്റും കൊട്ടാറുണ്ടത്രേ. വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ ഉണ്ണാന്‍ പോകുന്നവനെ പിടിച്ചുനിര്‍ത്തിയിട്ടുള്ള ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടു. ഇങ്ങനെയൊക്കെയല്ലെ നമുക്ക്‌സ്നേഹത്തോടെയുള്ള പ്രതികാരം വീട്ടാനും നെറ്റ്‌ സൗഹൃദങ്ങള്‍ ഉറപ്പിക്കാനും പറ്റൂ.

(രാത്രി 12 മണി കഴിഞ്ഞ്‌, ഉറക്കം പാഴാക്കാനായി വിളിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കരുതാം).

***

(ഫോണ്‍ സംഭാഷണത്തിനിടക്ക്‌ ഒരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധാന-എഴുത്തുകാരന്‍ ഈ കൊച്ചിനെ ലീഡ്‌ നായികയായി ഉടന്‍ തന്നെ ഒരു സിനിമയില്‍ ലോഞ്ച്‌ ചെയ്യുന്നുണ്ട്‌. മൂന്നുനാലു മാസത്തിനകം തിയേറ്ററില്‍ എത്തുന്ന ആ ചിത്രത്തിലെ പുതുമുഖ നായികക്ക്‌ വേറെ പബ്ലിസിറ്റി ഒഴിവാകാനാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. മറ്റ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല).

Read more...

Saturday, June 6, 2009

വൈകീട്ടെന്താ പരിപാടി?

വൈകീട്ടെന്താ പരിപാടി?

കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത്‌ ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക്‌ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്‌. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച്‌ ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പരിപാടിഇന്നത്തേക്ക്‌ വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക്‌ ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.

മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ്‌ പരമ്പര പോലായിട്ടുണ്ട്‌. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്‌. ഏഷ്യാനെറ്റ്‌ ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.

പണ്ട്, സില്‍മാപ്രാന്ത് തലക്ക്‌ കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത്‌ നായകനായിഅഭിനയിക്കാന്‍ പോയിട്ട്‌,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌, അതും കിട്ടാഞ്ഞ്‌, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച്‌ പുറത്താക്കിയ, പിന്നീട്‌ നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട്‌ "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത്‌ ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേം‌നസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ്‌ ഏറു കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക്‌ നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.

(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌! )


ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട്‌ ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്‌. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക്‌ ചെയ്യുമ്പോഴുണ്ട്‌ സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്‌, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട്‌ വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക്‌ പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.

അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട്‌ ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്‌' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക്‌ പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. , ഇതറിഞ്ഞ്‌ വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക്‌ ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത്‌ നോക്കി, 'മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത്‌ കേട്ട്‌ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!

അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?
'

(തുടരും)

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP