പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..
ശിവരാത്രി ദിവസം അവധിയായതുകൊണ്ടും, രാവിലെ വീട്ടില്‍ കറണ്ടില്ലാതിരുന്നതുകൊണ്ടു, വേറെ പ്രത്യേകിച്ച് പണിയില്ലാതിരുന്നതുകൊണ്ടും ഒന്നു ചുറ്റിക്കറങ്ങി അമ്പലദര്‍ശനവും നടത്തിക്കളയാമെന്നു തീരുമാനിച്ച് അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് വിട്ടു. അവിടെയാണെങ്കില്‍ രാവിലെ തൊട്ടേ നല്ല തിരക്കാ. സ്ത്രീജനങ്ങളും കുട്ടികളുമാണ് കൂടുതലും. ശിവലിംഗപ്രതിഷ്ഠക്കു ചുറ്റും എല്ലാവരും പൂജ നടത്തുകയാണ്. ശിവരാത്രി ദിവസം ശിവലിംഗ ദര്‍ശനവും പൂജയും നടത്തിയാല്‍ പുണ്യം കിട്ടുമെന്നാണല്ലോ. അകത്തോട്ട് കടക്കാന്‍ വയ്യാത്തത്ര തിരക്ക്. അമ്പല പരിസരത്ത് പൂജക്കുള്ള സാമഗ്രികളുമായി താല്‍ക്കാലിക കടകള്‍ നിരന്നിട്ടുണ്ട്. ഇനി കിട്ടാനിരിക്കണ പുണ്യം ഞാനായിട്ടെന്തിന് കുറയ്ക്കണമെന്നു കരുതി അവിടെനിന്നും ചന്ദനത്തിരി, കൂവളത്തിന്റെ ഇലക്കെട്ട്, ഇത്യാദി വാങ്ങിച്ച് തിരക്ക് അല്‍പ്പം കുറഞ്ഞസമയത്ത് അകത്ത് കടന്നു. ശിവലിംഗമാണെങ്കില്‍ കൂവളമിലയും പഴങ്ങളും പുഷ്പങ്ങളും കൊണ്ട്, മുകള്‍ഭാഗമൊഴിച്ച് പൂര്‍ണ്ണമായും മൂടപെട്ടിരിക്കയാണ്. തുടര്‍ച്ചയായി പാലഭിഷേകവും നടക്കുന്നുണ്ട്. ഒരു വിധത്തില്‍ ചന്ദനത്തിരി കത്തിച്ച് കൂവളത്തിലയും മറ്റും സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് പുറത്ത് കടന്നു.
ക്ഷേത്രപരിസരത്ത് ഭഗവാന്‍ ശിവന്റെ റെപ്രസെന്റേറ്റീവാണ് ഞങ്ങള്‍ എന്ന മട്ടില്‍ ചില നാടോടി സാധു സന്യാസിമാര്‍ ഇരിക്കുന്നുണ്ട്, ആശീര്‍വാദവും മറ്റും നല്‍കാനായി. അവരുടെ മുമ്പിലായി പലതരത്തിലുള്ള രുദ്രാക്ഷങ്ങള്‍, കല്ലുകള്‍ തുടങ്ങി പലതും നിരത്തിവെച്ചിട്ടുണ്ട്. ഒരു സന്യാസിയുടെ മുമ്പില്‍ രണ്ടു കൂടുകളിലായി കുറച്ച് പാമ്പുകളുമുണ്ട്. സാക്ഷാല്‍ ശങ്കര്‍ജിയുടെ ആഭരണങ്ങള്‍. ഇതിനെയൊക്കെ പിടിച്ച് കൂടയിലാക്കി പ്രദര്‍ശിപ്പിച്ച് ആശീര്‍വദിക്കലാണല്ലോ ഈ റെപ്പുകളുടെ പരിപാടി.

കുട്ടികള്‍ ഒരു ഡിസ്റ്റന്‍സ് ഒക്കെ പാലിച്ച് ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല എന്ന മട്ടില്‍ പാമ്പുകളെ നോക്കി നില്‍ക്കുകയാണ്. പാമ്പുകളെ കണ്ടപ്പോള്‍ ഒന്നുരണ്ടു പടമെടുത്തുകളയാമെന്ന് (പാമ്പിന്റെ ശരീരത്തിലുള്ള പടമല്ലാ) കരുതി വണ്ടിയില്‍ നിന്നും കാമറയുമെടുത്ത് തിരിച്ചുവന്നു.

ഭക്തരെ ആശീര്‍വദിക്കാന്‍ സെല്‍ഫ് അപ്പോയിന്റഡ് ആയി റെഡിയായി ഇരിക്കുന്ന അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ കൈപൊക്കി ആശീര്‍വദിക്കാന്‍ തുടങ്ങി. പിന്നെ ബാബക്കായി ദക്ഷിണ ഇട്ടോളൂന്നും. കടയില്‍ നിന്നും ബാക്കി കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കൂട്ടിവെച്ച് അമ്പലത്തിലോ മറ്റോ പോവുമ്പോള്‍ കൊണ്ടുപോയി ഡിസ്പോസ് ചെയ്യുകയാണല്ലോ പതിവുപരിപാടി. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഇതും ചുമന്നോണ്ട് ആരാ പോകുന്നത്. പടമെടുക്കാന്‍ നാഗരാജിനോ റെപ്പിക്കോ വിരോധമുണ്ടാകേണ്ടെന്നു കരുതി പോക്കറ്റില്‍ നിന്നും കുറെ നാണയത്തുട്ടുകള്‍ എടുത്ത് തുറന്നുവെച്ച ആ പാമ്പില്‍ കൂടയില്‍ നിക്ഷേപിച്ചു. നാണയങ്ങള്‍ വീണ ശബ്ദം കേട്ടിട്ടോ എന്തോ, ഓസിയാറും മണവാട്ടിയും ഒരുമിച്ചടിച്ച് 'പാമ്പായ' പോലെ കിടക്കുന്ന സാക്ഷാല്‍ പാമ്പ് ഒന്ന് തലപൊക്കി നോക്കി, വീണ്ടും 'പാമ്പായി'. ശിവരാത്രി ദിവസം ഓരോരുത്തര്‍ ശിവന്റെ പ്രസാദമാണെന്നും പറഞ്ഞ് ബാംഗ് (കഞ്ചാവ്)അടിച്ച് ഫുള്‍ പാമ്പായി ഇഴയുന്ന ദിവസമാണ്. അപ്പോള്‍ പിന്നെ സാക്ഷാല്‍ പാമ്പിന് ഒരു ‘പാമ്പോ’ ‘മണവാട്ടി’യോ ആവുന്നതിലെന്താ തെറ്റ്.

ഇവന്മാരെയൊക്കെ ഒന്ന് എഴുന്നേല്‍പ്പിച്ച് ഉഷാറാക്കൂ, ഞാന്‍ ഒന്ന് രണ്ട് പടങ്ങളെടുക്കട്ടെയുന്ന് പറയാന്‍ തുടങ്ങുമ്പോഴെക്കും, ബാബക്കായി കുറച്ചുകൂടി എന്തെങ്കിലും തരൂ, ഭഗവാന്‍ കനിയും എന്ന് സന്യാസി റെപ്പ് അരുളിചെയ്തു. പത്തൊ ഇരുപതോ രൂപ കൊടുത്താല്‍ നാഗരാജാവിനെ ഉഷാറാക്കി ഫണം വിടര്‍ത്തിച്ച് നിര്‍ത്തുമല്ലോന്ന് കരുതി പോകറ്റില്‍ നിന്നും ചേയ്ഞ്ച് ആയ പത്ത് രൂപ കൂടി കൊടുത്തു. കൊടുക്കേണ്ട താമസം, ഉടന്‍തന്നെ ഒരു വലിയ രുദ്രാക്ഷമെടുത്ത് എന്റെ കൈയ്യില്‍ വെച്ചിട്ട് പറഞ്ഞു, ഇത് ഇരുമുഖി രുദ്രാക്ഷമാണ്‍. ഇത് ചരടില്‍ കോര്‍ത്ത് കൈയ്യില്‍ കെട്ടിയാല്‍ 'ഐശ്വര്യാ'റായിയാണ്, 'ശത്രുഘ്നന്‍'സിന്‍ഹയാണ്, ആയതിനാല്‍ ബാബക്ക് 'അഭിഷേക്'‘ബച്ചന്‍ നടത്താനായി മനസ്സറിഞ്ഞ് 2 ലിറ്റര്‍ പാലിനുള്ള കാശ് ഈ കൂടയിലേക്ക് ഇടൂ, ഇടില്ലേ എന്നും പറഞ്ഞ് തലയില്‍ ആശീര്‍വാദം തുടങ്ങി. ഇതില്‍നിന്നും എങ്ങനാ ഊരിപോവുക, ന്റെ ശങ്കര്‍ജീ. എന്റെ വലത്തെക്കയ്യില്‍ രുദ്രാക്ഷവും വെച്ച് പിടിച്ചിരിക്കയാണ്. പോക്കറ്റിലാണെങ്കില്‍ ചേയ്ഞ്ച് ഇല്ല. എന്തായാലും ബാബക്കുള്ള രണ്ട് ലിറ്റര്‍ പാലിനുള്ള കാശ് കൊടുത്താലെങ്കിലും നാഗരാജനെ ഉണര്‍ത്തിച്ച് ഫണം വിടര്‍ത്തിനില്‍ക്കുന്ന പോസിലുള്ള ചിത്രം എടുക്കാമല്ലോ എന്ന ചിന്തയില്‍, ശരിയപ്പാ തരാം, കൈയ്യൊന്ന് വിട്, പേഴ്സെടുക്കട്ടെ എന്നായി ഞാന്‍.

ഇത് കണ്ട തൊട്ടടുത്തിരിക്കുന്ന 'അമൂല്യശക്തി'യുള്ള പല നിറത്തിലുള്ള ഭാഗ്യകല്ലുകളുമായി ആശീര്‍വദിക്കാനിരിക്കുന്ന വേറൊരു സന്യാസി റെപ്പ് എന്തോ ഒരു സാധനം വെച്ചുനീട്ടുന്നുണ്ടായിരുന്നു. ഹേയ് നിക്ക് വേണ്ടാ എന്ന് പറഞ്ഞെങ്കിലും സന്യാസിവര്യന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. പേഴ്സ് എടുത്ത് നോക്കിയപ്പോള്‍ 100ല്‍ താഴെ ഡിനോമിനേഷന്റെ നോട്ടുകള്‍ അതില്‍ ഇല്ലായിരുന്നു. ഇതു കാണിച്ചാല്‍ തിരിച്ചുകിട്ടുന്ന കാര്യം പോക്കാ. ഞാന്‍ പറഞ്ഞു, 2 ലിറ്റര്‍ പാലിനു രൂപ 40 ആണെങ്കിലും ഞാന്‍ 50 രൂപ തരാംട്ടോ എന്നു പറഞ്ഞ് സന്തോഷിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും,100 രൂപ വേണമെന്നായി റെപ്പ്. പാലിന്റെ വില ഒരു ദിവസം കൊണ്ട് ഇത്രയും കൂട്ടിയോ. കേരളത്തില്‍ പാലിന് ലിറ്ററിന്‍ 22 രൂപയാണെങ്കിലും ഇവിടെ 20 രൂപക്ക് സുലഭമാണ്. ഇക്കണക്കിന് മില്‍മ ചെയര്‍മാനെപ്പോലും കടത്തിവെട്ടുമല്ലോ ഈ നാടോടീ സന്യാസി. എന്നിട്ട് "ഭഗവാന്‍ ആപ്കോ കൃപാ കരേഗാ" എന്നൊരു താങ്ങും.നമ്മുടെയൊക്കെ ഭാഗ്യം, ഇതുപോലുള്ളവര്‍ ഡയറി ബോര്‍ഡിന്റെയും മറ്റും ചെയര്‍മാനാകാതിരുന്നത്. ദൈവത്തില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയകാര്‍ക്കും,ദൈവമില്ലാ,പൂന്താനം ജീവിച്ചിരുന്നില്ല എന്നൊക്കെ പറയുന്നവര്‍ക്കും ദേവസ്വം ബോര്‍ഡില്‍ കയറിക്കൂടാമെങ്കില്‍, ഏതെങ്കിലും പാര്‍ട്ടിവഴി കയറിക്കൂടി ഏതെങ്കിലും ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനം ഇത്തരം നാടോടി സന്യാസിമാര്‍ വഹിക്കില്ലെന്ന് ആരു കണ്ടു.
വേണ്ട, 50 വെച്ചിട്ട്, ബാക്കി 50 ഇങ്ങ് തരൂ എന്നു പറഞ്ഞ് കാമറ ശരിയാക്കുമ്പോഴേക്കും അടുത്തിരുന്ന 'അമൂല്യകല്ല്' സ്വാമികള്‍, ഇന്നാ പിടിക്ക്, ഇന്നാ പിടിക്ക് എന്നും പറഞ്ഞ് ഒരു സാധനം കൈയ്യില്‍ വെച്ചു. ചില മന്ത്രങ്ങളും ആശീര്‍വദിക്കലും (അതോ വധിക്കലോ) തുടങ്ങി. നീല നിറത്തിലുള്ള കാണാന്‍ ചന്തമുള്ള അത് ഒരു 'അമൂല്യക്കല്ല്' ആണത്രേ. അത് ഒരു മോതിരത്തിലാക്കി ധരിച്ചാല്‍ പിന്നേയും പിന്നേയും 'ഐശ്വര്യാ'റായി കനിയുമത്രേ. ഇനി ഇതില്‍ നിന്നും ഊരിക്കിട്ടണമെങ്കില്‍ മറ്റേ 50 രൂപയും പോക്കാവുമല്ലോ എന്നോര്‍ത്തപ്പോഴാ, സന്യാസിവര്യന്റെ മൊഴിയല്‍. ഗുവാഹാത്തിയിലെ പ്രശസ്തമായ ശക്തിപീഠമായ കാമഖ്യാ ക്ഷേത്രത്തില്‍ അഭിഷേക് നടത്താനായി ഒരു കിലോ നെയ്യിനുള്ള കാശ് യാതൊരു മനസ്താപവുമില്ലാതെ മനസ്സറിഞ്ഞ് നലകണമെന്ന്. പറയൂ നല്‍കില്ലേ എന്നും കൈയ്യില്‍ നിന്നും പിടിവിടാതെ. സര്‍പ്പസന്യാസി 2 ലിറ്റര്‍ പാലിന് 100 രൂപയാണ് ബജറ്റില്‍ തുക വെച്ചിരിക്കുന്നത്. ഇക്കണക്കിന് ഒരു കിലോ നെയ്യിന് 1000 രൂപയാവുമല്ലോ 'അമൂല്യ കല്ല്' സന്യാസിയുടെ ബജറ്റ് അനുസരിച്ച്.
ഇതിപ്പോ മലമ്പാമ്പിന്റെ വായില്‍ കൈയ്യിട്ട് പല്ലെണ്ണിനോക്കിയ പോലെയായല്ലോ.
പിടിച്ചതിനേക്കാള്‍ വലുതാണല്ലോ അളയിലിരിക്കണത്.
ഈ സമയത്ത് തൊഴാന്‍ വന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കള്‍ അടുത്ത് വന്ന്, എന്താ കാമറയുമായി പാമ്പുമായി സല്ലപിക്കയാണോ എന്നായി. ഊതല്ലേ മോനെ, ഊതാനുള്ള ആള്‍ ‘പാമ്പായി’ കിട്ടക്കുവാ. വേണമെങ്കില്‍ നിങ്ങളേയും ആശീര്‍വദിപ്പിക്കാം.ഞാനേ പെട്ടുപോയി, നിങ്ങള്‍ മാറി നിന്നോളൂ. അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കാലിയാക്കിതരുന്ന കാര്യം ഇവര്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും.
'അമൂല്യരത്ന‘ക്കല്ല്' വാങ്ങി പോക്കറ്റിലിട്ടു. സര്‍പ്പസന്യാസി ബാക്കി 50 തരുന്ന മട്ടൊന്നും കാണാനില്ല. കൂടുതല്‍ ചോദിച്ചാല്‍ ഇനി എന്റെ നാഗന്മാരോട് ചോദിക്കാന്നു പറഞ്ഞാലോ എന്നു കരുതിയപ്പോഴേക്കും സര്‍പ്പ സന്യാസിയുടെ വഹ കറുത്ത നിറത്തിലുള്ള ഒരു 'അമൂല്യകല്ല്' കൈയ്യില്‍ വെച്ച് തന്നു. ഹതുശരി.. അപ്പോ ആ ബാക്കി 50 രൂപയും സ്വാഹ. ഇനി 'അമൂല്യരത്നക്കല്ല്'സന്യാസിക്ക് എന്തെങ്കിലും കൊടുത്ത് സ്ഥലം കാലിയാക്കുക തന്നെ.
പേഴ്സില്‍ 100ന്റെ ഒരു ഗാന്ധിയും 500ന്റെയും 1000ത്തിന്റെയും 3 വീതം ഗാന്ധിമാരും ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശമ്പളക്കാര്‍ക്ക്,മാസത്തിലെ ആദ്യ ആഴ്ചയായതുകൊണ്ട് ഗാന്ധിമാരേ നിങ്ങള്‍ ഇങ്ങനെ പേഴ്സില്‍ ഇരുന്ന് ചിരിക്കും. ഇക്കണക്കിനുപോയാല്‍ കൂടുതല്‍ ദിവസം അവിടെയിരുന്ന് ചിരിക്കേണ്ടിവരില്ല. അതില്‍ നിന്നും ചിരിക്കുന്ന ഒരു 100ന്റെ ഗാന്ധിയെ 'കല്ല്' സന്യാസിക്കു കൊടുത്തെങ്കിലും, തൃപ്തിയാവാതെ ശിവ്‌ജിയുടെ റെപ്രസെന്റേറ്റീവ് കുറച്ച് വിഭൂതിയെടുത്ത്, ഇന്നാ ഇന്നാ എന്ന് മാടിവിളിച്ചുകൊണ്ടിരുന്നു.

വേണ്ടാ ‘സ്വാമിജി’ അതു സ്വാമി തന്നെ ഇട്ടാല്‍ മതി.
ഇനി അവിടെ നിന്നാല്‍ പേഴ്സിലെ 500ന്റെ ഒരു ഗാന്ധിച്ചിരി അങ്ങോട്ട് ഷിഫ്റ്റ് ചെയ്യും. പിന്നെ ശിവരാത്രിക്ക് ഉറക്കമൊഴിക്കാതെ തന്നെ ആ രാത്രി നിദ്രാവിഹീനമായേനെ.
സാക്ഷാല്‍ ഭോലേനാഥ്, ഭവാന്റെ റെപ്രസെന്റേറ്റീവുമാര്‍ കൊള്ളാമല്ലോ..
കുച്ച് തോ ബോലോ ഭോലേനാഥ്‌ജീ.
ഓ.. ഭവാന്‍ ഇന്ന് ദിവ്യനിദ്രയിലാണല്ലോ. ഭവാന്‍ നിദ്രയില്‍നിന്നുമുണരുമ്പോഴേക്കും, 'റെപ്പുകള്‍' ഭവാന്റെ ഭക്തരെ 'വിഗാന്ധിയന്‍'മാരാക്കുമല്ലോ!!
ശംഭോ.. മഹാദേവാ!!!
എന്റെ ‘സര്‍പ്പാന്വേഷണ‘പരീക്ഷണങ്ങള്‍ പാതിവഴിക്ക് ഉപേക്ഷിച്ച്,
"തോമസ്സുകുട്ടീ, വിട്ടോടാ" എന്ന സ്റ്റെയിലില്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ അവിടെനിന്നും സ്കൂട്ടായി.
(പാമ്പിന്‍)വാല്‍ക്കഷണം:
പടം പിടിക്കണ ആര്‍ക്കെങ്കിലും ഫണം വിടര്‍ത്തിനില്‍ക്കണ പാമ്പിന്റെ പടം പിടിക്കണമ്ന്ന് മോഹോണ്ടേങ്കി ഇമ്മാതിരി സര്‍പ്പ സന്യാസികളുടെ അടുത്ത് പോകാണ്ട്, നേരെ മൂര്‍ഖേട്ടന്റടുത്ത് പോക്വാ. 5 പൈസ പോലും കൊടുക്കാണ്ട് നല്ല പോസ് ചെയ്തുതരും. പിന്നെ നിങ്ങള്‍ടെ സമയം ശരിയാണെങ്കില്‍ വേണോങ്കി മുത്തോം കിട്ടും.
Read more...