വൈകീട്ടെന്താ പരിപാടി?
വൈകീട്ടെന്താ പരിപാടി?
ഈ കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത് ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക് ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച് ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് പരിപാടിഇന്നത്തേക്ക് വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക് ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.
മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ് പരമ്പര പോലായിട്ടുണ്ട്. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്. ഏഷ്യാനെറ്റ് ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.
പണ്ട്, സില്‍മാപ്രാന്ത് തലക്ക് കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത് നായകനായിഅഭിനയിക്കാന്‍ പോയിട്ട്,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ് കൊതിപ്പിച്ചിട്ട്, അതും കിട്ടാഞ്ഞ്, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച് പുറത്താക്കിയ, പിന്നീട് നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, ഈ മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട് "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത് ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ ആ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേംനസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ് ഏറു കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ ഈ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക് നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.
(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ് ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്. ആരാണാവോ തലയൂരിയത്! )
ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട് ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക് ചെയ്യുമ്പോഴുണ്ട് സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട് വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. ഈ പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ ഈ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക് പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.
അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട് ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഈ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക് പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. ഓ, ഇതറിഞ്ഞ് വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക് ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി, 'മോനെ, മോന് സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക് ഷാര്‍പ്പാവുണുണ്ട്, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത് കേട്ട്‌ആ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!
അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ് കൂടി അകത്താക്കിയാലെന്താ? '
(തുടരും)
