Showing posts with label നര്‍മ്മം.. Show all posts
Showing posts with label നര്‍മ്മം.. Show all posts

Monday, June 8, 2009

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

( ഇനിവല്ലതും കഴിച്ചുകൊണ്ട്‌ ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെ നോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെ കണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്ന ആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ? ..... ആദ്യഭാഗം ഇവിടെ )

. . .

അല്ലെങ്കിലും ഇറച്ചിയും മീനും കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍, വല്ലപ്പോഴും പാര്‍ട്ടികളിലല്ലെങ്കില്‍, തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)
ദേ, അപ്പോഴുണ്ട്‌ സല്‍സ്വഭാവി മനസ്സു പറയുന്നു, വേണ്ടാ, മദ്യപാനം നല്ലതല്ല, ഇന്നലെയല്ലേമീനുണ്ടെന്നും പറഞ്ഞ്‌ കുറച്ച്‌ അകത്താക്കിയത്‌. ഇത്‌ ശരിയാവൂല്ല. ആശവന്ന മനസ്സുണ്ടോവിട്ടുകൊടുക്കുന്നു. അത്‌ ഇന്നലെയല്ലേ? ഇന്ന്‌ അല്‍പ്പം കഴിക്കുന്നതുകൊണ്ടെന്താ, എന്നുംകഴിക്കാറില്ലല്ലോ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമല്ലേ. അവസാനം ആശാമാനസത്തിന്റെപ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഫ്രിഡ്ജില്‍ നിന്നും 'ഒപ്പു'ള്ള കുപ്പി തുറന്ന്‌ ഗ്ലാസ്സിലേക്ക്‌ ഒരു സ്മാള്‍ ഒഴിച്ചത്‌ലാര്‍ജും കഴിഞ്ഞ്‌ പട്യാല വരെ പോയോന്നൊരു സംശയം ഇല്ലാതില്ല.



റിയാല്‍ട്ടി സംഗീതവും റിയലായി പെഗും ടച്ചിംഗിനു മീങ്കറിയും. ഇദ്ദാണ്‌ പഷ്ട്‌ ഗോമ്പിനേഷന്‍. ചുമ്മാതല്ല, ചിലര്‍ പാടുമ്പോള്‍ നമ്മളും കൂടെ പാടിപ്പോവുന്നതും, ലവന്‌ ശ്രുതിയും സംഗതിയുംപോരാന്ന്‌ പറയുന്നതും. അങ്ങനെ 'സംഗതി'സംഗീതസാഗരത്തില്‍ നീരാടികഴിഞ്ഞതുംദേവീമാഹാത്മ്യവുമായി കോവിലമ്മയുടെ വരവായി. ഭക്തന്റെ ഒപ്പ്‌സേവ കോവിലമ്മയെങ്ങാനുംകണ്ടുപോയാല്‍, നോട്ടം കണ്ടാല്‍ ഉള്ള വീര്യവും പോയാലോ.(അതുമല്ല, മണികണ്ഠന്‍ ഇപ്പോള്‍മണിസ്വാമിയായി വേഷം മാറി വന്നിട്ടുമുണ്ട്‌). ഗ്ലാസ്സ്‌ കാലിയാക്കി ആഹാരവും തീര്‍ത്ത്‌ കൈകഴുകിഒന്നുമറിയാത്തപോലെ ഉത്തമ ഭക്തനായി ദര്‍ശന സായൂജ്യത്തിനായി വന്നിരുന്നു. ചാനലുകാര്‍ഇല്ലായിരുന്നെങ്കില്‍, അവര്‍ ഇടക്കിടക്ക്‌ നമ്മളെ സീരിയലുകളിലൂടെ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌നയിച്ചില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം അധര്‍മ്മികളായി അധഃപതിച്ചുപോകുമല്ലോ എന്നോര്‍ത്ത്‌, ചാനല്‍ ദൈവങ്ങള്‍ക്ക്‌ മനസ്സാ 'പ്രണാമ'മര്‍പ്പിച്ചു!!

...

വീണ്ടും നെറ്റ്‌ലോകത്തേക്ക്‌ കുടിയേറാം. കുറെ ബ്ലോഗുകളിലും ഫ്ലിക്കറിലും കറങ്ങി കമന്റുകളുംതട്ടിയപ്പോഴേക്കും നിദ്രാദേവി കണ്ണുകളില്‍ തഴുകാന്‍ തുടങ്ങി. ഇനി ഇരുന്നാല്‍ ശരിയാവില്ല, അതിനാല്‍നേരത്തേ കിടക്കാം. ദിവസവും രാവിലെ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കണം, അതിനായിമൊബെയിലില്‍ അലാറം സെറ്റ്‌ ചെയ്തിട്ടുണ്ട്‌. പതിനൊന്നരയോടെ കിടന്നതും നിദ്രാദേവി വന്നുതഴുകിയുറക്കിയതും അറിഞ്ഞതേയില്ല.

മൊബെയില്‍ ശബ്ദിക്കുന്നു......
കണ്ണ്‌ തുറക്കാതെ, ഉറക്കച്ചടവോടെ കൈ അടുത്ത്‌വെച്ചിരിക്കുന്ന മൊബെയിലില്‍ തപ്പി. അപ്പോഴേക്കും ശബ്ദം നിലക്കുകയും ചെയ്തു. , ഇനി കുറെ നേരം കൂടി കിടന്നിട്ട്‌ എണീക്കാം. ഉറക്കമാണെങ്കില്‍ വിട്ടുമാറിയിട്ടില്ല. ടാപ്പില്‍ വെള്ളം രാവിലെ 5 മണിമുതല്‍ ഒരു മുക്കാല്‍മണിക്കൂര്‍നേരം വരും. ഒരു ദിവസം പിടിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ടാങ്കില്‍ കാണും. എന്നാലുംഅടുക്കളയിലേക്കുള്ള വെള്ളം ദിവസേന ശേഖരിക്കുകയാണ്‌ പതിവ്‌. ചില ദിവസങ്ങളില്‍ വൈകീട്ട്‌സപ്പൈ്ല‍ ഉണ്ടാവുമെങ്കിലും ഓഫീസില്‍നിന്നും വരുമ്പോഴേക്കും അത്‌ നിലച്ചുകാണും. അതിനാല്‍, രാവിലെ ഉറക്കച്ചടവോടെ, പാതിയടഞ്ഞ കണ്ണുമായി, പ്രൈവറ്റ്‌ ബസ്സിലെ കണ്ടക്ടറെപോലെആടിയാടി അവിടെയുമിവിടേയും മുട്ടാതെ, 10 മിനുറ്റ്‌ കൊണ്ട്‌ വെള്ളം പിടിച്ച്‌ വെച്ച്‌ വന്നു വീണ്ടുംകിടന്നാല്‍ പിന്നെ ഒരു രണ്ട്‌ മണിക്കൂര്‍ കൂടി ഉറങ്ങി ക്വോട്ട തീര്‍ത്തിട്ടെ ഏണിക്കൂ. അപ്പോഴാണ്‌മനസ്സില്‍ ഒരു ശങ്ക വന്നത്‌. ഇപ്പോള്‍ മൊബെയിലില്‍ ശബ്ദമുണ്ടാക്കിയത്‌ അലാറം ടോണ്‍ആയിരുന്നോ അതോ റിംഗ്‌ ടോണ്‍ ആയിരുന്നോ. , എന്തേലും ആവട്ടെ, പിന്നെ നോക്കാംഎന്നുകരുതി കിടന്നു. അഞ്ച്‌ മിനിറ്റിനകം ഒരു എസ്സെമെസ്സ്‌ ടോണ്‍ കൂടി ചിലച്ചു. ഇതാരപ്പാ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ എസ്സെമെസ്സ്‌ അയക്കുന്നത്‌.
പകലാണെങ്കില്‍, ബിസിനസ്സ്‌/സര്‍വീസ്സ്‌ എസ്സെമെസ്സുകളുടെ നിരയാണ്‌. ബാങ്കുകാരുടെ വക
"ലോണ്‍ തരാം കുറഞ്ഞ പലിശ നിരക്കില്‍, ഇന്നാ പിടിച്ചോ, വേഗം വരൂ", "ഇടപാടുകള്‍ നടത്താനായി ഇങ്ങള്‍ എന്തിനാണു സമയം കളഞ്ഞ്‌ ക്യൂവില്‍ പോയി നില്‍ക്കണം, ഞങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലോട്ട്‌ ലോഗ്‌ഇന്‍ ചെയ്യൂ, ഇടപാട്‌ നടത്തൂ", "ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച്‌ സകല കടകളിലും അരിച്ചുപെറുക്കി ഷോപ്പിംഗ്‌ ചെയ്യൂ,5% ഡിസ്കൗണ്ട്‌ നേടൂ" എന്നിങ്ങനെയുംഡിടിഎച്ച്‌ പ്രൊവൈഡര്‍സിന്റെ വക അവരുടെ പാക്കേജുകലും അലര്‍ട്ടുകളും, മൊബെയില്‍കമ്പനിക്കാരുടെ വക " ഈ കാളര്‍ ട്യൂണ്‍ സബ്സ്ക്രൈബ്‌ ചെയ്യൂ, പാട്ട്‌ കേള്‍ക്കൂ, സ്പോര്‍ട്സ്‌, വാര്‍ത്ത, അലര്‍ട്ടുകള്‍ നോക്കൂ", പിന്നെ അവസാനം നിങ്ങളുടെ മൊബെയില്‍ ബില്ല്‌ ഉടന്‍ അടക്കുകഎന്നുവരെയുള്ളവ ഇടക്കിടക്ക്‌ വന്നുകൊണ്ടിരിക്കും. പക്ഷേ, ഇവരെല്ലാം പകല്‍സമയത്താണ്‌എസ്സെമെസ്സ്‌ ശരങ്ങള്‍ അയച്ചുകൊണ്ടിരിക്കുക. ഇതിപ്പോ, അതിരാവിലെ ആരുടേതായിരിക്കും. നോക്കാം എന്നുകരുതി കണ്ണുതിരുമ്മി എഴുന്നേറ്റു. ജനലിലോട്ട്‌ നോക്കിയപ്പോള്‍ പ്രഭാതവെളിച്ചംപതിഞ്ഞിട്ടില്ലാത്തതുപോലെ (ഇന്ത്യയുടെ കിഴക്കേ അറ്റത്തായ ഇവിടെ രാവിലെ നാലര മണിക്കേനല്ല വെളിച്ചമായിരിക്കും. സമ്മര്‍ ആയതിനാല്‍ 5 മണിക്ക്‌ സൂര്യപ്രകാശം കാണാം). ഇനി പുറത്ത്‌മഴക്കാറുള്ളതുകാരണം മാനം ഇരുണ്ടതുകൊണ്ടാണോ വെളിച്ചക്കുറവ്‌. പെന്‍ ടോര്‍ച്ചെടുത്ത്‌വാച്ചിലേക്ക്‌ അടിച്ച്‌ നോക്കിയപ്പോഴുണ്ട്‌ സമയം 12 മണി കഴിഞ്ഞതേയുള്ളൂ.

ങേ, അപ്പോള്‍ രാവിലെയായി എന്നു കരുതി കഷ്ടപ്പെട്ട്‌ എണീറ്റത്‌ ഇതിനായിരുന്നോ. മൊബെയില്‍എടുത്ത്‌ നോക്കിയപ്പോള്‍ ഒരു മിസ്സ്ഡ്‌ കാള്‍ കിടക്കുന്നു. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍/ഫ്ലിക്കര്‍സുഹ്രുത്ത്‌ വിളിച്ചതായിരുന്നു. രാത്രി 12 മണി കഴിഞ്ഞ്‌. എന്താണാവോ ഇത്ര അത്യാവശ്യം. പിന്നെഎസ്സെംസ്സ്‌ തുറന്ന്‌ നോക്കിയപ്പോഴുണ്ട്‌ അങ്ങേരുടെ വക "
ഗ്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍..ര്‍ ..എന്നെ അടികൊള്ളിപ്പിക്കണമല്ലേ? ആ കുട്ടിയാണെങ്കില്‍ അവളുടെ ഫോട്ടോക്ക്‌ ലഭിക്കുന്ന കമന്റുകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ നോക്കുന്നുണ്ട്‌. എനിക്ക്‌ അടി വല്ലതും കിട്ടിയാല്‍ പാര്‍സല്‍ ആയി അയച്ചുതരും." എന്ന്‌ ഒരു വാണിംഗ്‌ മെസ്സേജ്‌. ഓഹോ, അപ്പോള്‍ അതാണല്ലേ സംഗതി. കിടക്കാന്‍വരുന്നതിനുമുന്‍പ്‌ അയാള്‍ പോസ്റ്റിയിരുന്ന, കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയുടെഫോട്ടോക്ക്‌ ഒരു കമന്റ്‌ ഇട്ടതാണോ ഇത്ര പ്രശ്നമായത്‌. അതിന്‌ ഇത്ര പ്രശ്നമുണ്ടാക്കേണ്ട കമന്റൊന്നുംഞാന്‍ കൊടുത്തില്ലല്ലോ. ' ചിത്രം മനോഹരമായിട്ടുണ്ട്‌, ഇത്‌ മോഡലാണോ അതോ പെണ്‍കൂട്ടുകാരിയാണോ?' എന്നു ചോദിച്ചതിനാണൊ അര്‍ദ്ധരാത്രിക്ക്‌ വിറളിപിടിച്ച്‌ മനുഷനെബുദ്ധിമുട്ടിക്കുന്നത്‌. നല്ലോരു ഉറക്കം കളഞ്ഞു. ഇനിയെന്തായാലും നാളെ വിളിക്കാമെന്ന്‌ കരുതിഉറക്കത്തിന്റെ ക്വോട്ടാപൂര്‍ത്തീകരണത്തിനായി വീണ്ടും കയറികിടന്നു.

. . .

രാവിലത്തെ 'അഭ്യാസങ്ങ'ളും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞ്‌ അപ്പീസിലേക്ക്‌തിരിക്കുന്നതിനുമുമ്പായി നെറ്റ്‌ തുറന്നപ്പോഴുണ്ട്‌ രാത്രി ഉറക്കം കെടുത്തിയ സുഹൃത്തിന്റെ മെസ്സേജ്‌കിടക്കുന്നു. സംഗതി ഇന്നലെ എസ്സെമെസ്സില്‍ എഴുതിയതുതന്നെ. പിന്നെ ഞാനിട്ട കമന്റുംഡിലിറ്റിയെന്ന്. രണ്ടു മിനിറ്റിനകം പഹയന്‍ ദാ ജി-ടാക്കില്‍ എത്തി "ആഹാ, ഇവിടെഒളിച്ചിരിക്കയാണല്ലെ" എന്നും ചോദിച്ചുകൊണ്ട്‌. '
അതേയ്‌, ആ കുട്ടി മോഡല്‍ രംഗത്തെക്കോ മറ്റോ കാലോ കൈയ്യോ കുത്താന്‍ പോണെന്ന്, അതുകൊണ്ട്‌ അവളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടത്രേ'. ഇതിനിപ്പോ നമ്മളെന്തു പിഴച്ചു. പബ്ലിക്കായി ഫോട്ടോപ്രദര്‍ശിപ്പിച്ചിട്ട്‌, കമന്റൂ കമന്റൂന്ന് പറഞ്ഞാല്‍ ഒന്ന് കമന്റാതെ പോയാല്‍ എന്തുകരുതുമെന്നതുകൊണ്ടല്ലേ. അതിത്ര തെറ്റായോ. എന്തായാലും വേറെ കമന്റിടാം എന്നു പറഞ്ഞ്‌ഗോമ്പ്രമൈസായി.

പിന്നീട്‌ ആപ്പീസിലെത്തിയശേഷം പുള്ളിയെ ഫോണില്‍ വിളിച്ചു. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. ആശാന്‍ ലഞ്ചാന്‍ പോകാനിരിക്കുകയായിരുന്നുവത്രേ. ഇതന്നെ ടെലിഫോണ്‍വധത്തിനു പറ്റിയ സമയം. രാത്രി 12 മണി കഴിഞ്ഞ്‌ വിളിച്ച്‌ ഉറക്കം കളഞ്ഞതിനു പകരം വീട്ടാന്‍പറ്റിയ ചാന്‍സ്‌. കൊച്ച്‌ ഇടക്ക്‌ ഫോണ്‍ ചെയ്യാറുണ്ടെന്നും നെറ്റില്‍ കയറി കമന്റുകള്‍ശ്രദ്ധിക്കാറുണ്ടെന്നും, പിന്നെ അവള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ്‌ കമന്റ്‌ ഡിലിറ്റ്‌ ചെയ്തത്‌എന്നൊക്കെയുള്ള ഒരു തരം "എന്നെ കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" എന്ന ഭാവംസംസാരത്തില്‍ തെളിഞ്ഞുവെങ്കിലും, ഞാന്‍ മാത്രമല്ല, വേറെ അറിയാവുന്ന ചിലരും ഫോണിലൂടെയുംമറ്റും കൊട്ടാറുണ്ടത്രേ. വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ ഉണ്ണാന്‍ പോകുന്നവനെ പിടിച്ചുനിര്‍ത്തിയിട്ടുള്ള ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടു. ഇങ്ങനെയൊക്കെയല്ലെ നമുക്ക്‌സ്നേഹത്തോടെയുള്ള പ്രതികാരം വീട്ടാനും നെറ്റ്‌ സൗഹൃദങ്ങള്‍ ഉറപ്പിക്കാനും പറ്റൂ.

(രാത്രി 12 മണി കഴിഞ്ഞ്‌, ഉറക്കം പാഴാക്കാനായി വിളിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കരുതാം).

***

(ഫോണ്‍ സംഭാഷണത്തിനിടക്ക്‌ ഒരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധാന-എഴുത്തുകാരന്‍ ഈ കൊച്ചിനെ ലീഡ്‌ നായികയായി ഉടന്‍ തന്നെ ഒരു സിനിമയില്‍ ലോഞ്ച്‌ ചെയ്യുന്നുണ്ട്‌. മൂന്നുനാലു മാസത്തിനകം തിയേറ്ററില്‍ എത്തുന്ന ആ ചിത്രത്തിലെ പുതുമുഖ നായികക്ക്‌ വേറെ പബ്ലിസിറ്റി ഒഴിവാകാനാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. മറ്റ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല).

Read more...

Saturday, June 6, 2009

വൈകീട്ടെന്താ പരിപാടി?

വൈകീട്ടെന്താ പരിപാടി?

കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത്‌ ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക്‌ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്‌. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച്‌ ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പരിപാടിഇന്നത്തേക്ക്‌ വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക്‌ ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.

മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ്‌ പരമ്പര പോലായിട്ടുണ്ട്‌. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്‌. ഏഷ്യാനെറ്റ്‌ ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.

പണ്ട്, സില്‍മാപ്രാന്ത് തലക്ക്‌ കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത്‌ നായകനായിഅഭിനയിക്കാന്‍ പോയിട്ട്‌,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌, അതും കിട്ടാഞ്ഞ്‌, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച്‌ പുറത്താക്കിയ, പിന്നീട്‌ നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട്‌ "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത്‌ ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേം‌നസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ്‌ ഏറു കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക്‌ നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.

(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌! )


ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട്‌ ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്‌. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക്‌ ചെയ്യുമ്പോഴുണ്ട്‌ സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്‌, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട്‌ വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക്‌ പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.

അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട്‌ ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്‌' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക്‌ പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. , ഇതറിഞ്ഞ്‌ വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക്‌ ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത്‌ നോക്കി, 'മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത്‌ കേട്ട്‌ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!

അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?
'

(തുടരും)

Read more...

Thursday, May 14, 2009

കുതിരകളും കഴുതകളും.

കുതിരകളും കഴുതകളും.

ഹോ, എന്തൊരു കോലാഹലങ്ങളായിരുന്നു ഇത്രയും നാള്‍. നാട്ടിലെ കഴുതകള്‍ക്കൊക്കെ എന്തൊരുവിലയും നിലയുമായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍. കുതിരകള്‍ ഒറ്റക്കും കൂട്ടം ചേര്‍ന്നുംആവുന്നത്ര കഴുതകളെ തങ്ങളുടെ പാട്ടിലാക്കാനായി എന്തെല്ലാം (തറ)വേലകളാണ്‌കാണിച്ചുകൂട്ടിയത്‌. എന്തെല്ലാം മോഹനസ്വപ്നങ്ങളാണ്‌ അവര്‍ നല്‍കിയത്‌. കുതിരകള്‍ പരസ്പരംതൊഴിച്ചും ബഹളം വെച്ചും താനാണ്‌ കേമന്‍ എന്നു തെളിയിക്കാനായി എന്തെല്ലാം വിദ്യകളാണ്‌പുറത്തെടുത്തത്‌. സങ്കരയിനം കുതിരകളും ഇറക്കുമതി ചെയ്തവയും കറുത്തതും വെളുത്തതും വിവിധനിറങ്ങളിലുള്ള ചമയങ്ങളണിഞ്ഞ്‌ വീറോടെയും വാശിയോടെയും കഴുതകളെ ആകര്‍ഷിച്ചു. കുതിരകളുടെ വാക്കും കേട്ട്‌ ഒരുമയോടെ കഴിഞ്ഞിരുന്ന ചില കഴുതക്കൂട്ടങ്ങള്‍ തമ്മിലടിയും തൊഴിയുംവരെ നടന്നു. അതുതന്നെയാണ്‌ കുതിരകളുടെ മനസ്സിലിരുപ്പെന്ന് ഇവര്‍ അറിയുന്നുണ്ടോ.

കഴുതകള്‍ക്ക്‌ വളരെയേറെ 'വില'യുള്ള സുദിനവും വന്നുചേര്‍ന്നു. വരിവരിയായ്‌ നിന്ന്ആവേശത്തില്‍ തങ്ങളുടെ ഇഷ്ടകുതിരകള്‍ക്കായി അവര്‍ 'വിധി'പേടകത്തില്‍ ആഞ്ഞുചവിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്ന വിലപ്പെട്ട കഴുതാവകാശമാണത്രേ ഇത്‌.

അവസാനം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള, വിധിപ്പെട്ടി തുറക്കാനുള്ള സുദിനവും വന്നുചേരാറായി. കഴുതകള്‍ കാത്തിരുന്നു. അവിടെ കുതിരകള്‍ക്കാണെങ്കില്‍, കാത്തിരുന്ന് ഉറക്കംനഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ലവിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. വലിയ കുതിരക്കൂട്ടങ്ങള്‍ ചെറുകൂട്ടങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനായി രാത്രിയും പകലുംകിണഞ്ഞുപരിശ്രമിക്കയാണ്‌. പല കുതിരകളും പുല്ലുകെട്ടുകളും രാജകീയ ലായങ്ങളും രഥങ്ങളുംപദവികളും സ്വപ്നം കണ്ട്‌ ഏതു ട്രാക്കിലും മാറി ഓടാന്‍ തയ്യാറുമാണ്‌.

അപ്പോഴും കഴുതകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാ, വിഡ്ഡിപ്പെട്ടിയിലെ വിദൂഷകന്മാര്‍, ഓടിയെത്തിയേക്കാവുന്ന കുതിരക്കൂട്ടങ്ങളുടെ വിവിധ സാങ്കല്‍പ്പിക മനഃക്കണക്ക്‌ എടുത്തുനിരത്തിതുടങ്ങി. കഴുതകള്‍ അപ്പോഴും കണ്ണും മിഴിച്ചിരുന്നു. ഇതെന്തു കണക്ക്‌.

ഒടുവില്‍, സുദിനം, വിധിദിനം വന്നു. കഴുതകളെല്ലാം പണിയുപേക്ഷിച്ച്‌ കണ്ണും നട്ട്‌ കാത്തിരുന്നു, വിഡ്ഡിപ്പെട്ടിക്കു മുന്നില്‍, തങ്ങളുടെ 'ചവിട്ടി'ന്റെ വിധി എന്തെന്നറിയാന്‍.
...

വിധി കേട്ട്‌ കഴുതകള്‍ പുളകം കൊള്ളും, തെരുവില്‍ കിടന്ന് അമറും. വിധി വരുന്നതോടെകുതിരക്കൂട്ടങ്ങള്‍ വിഡ്ഡിപ്പെട്ടിയിലൂടെ പരസ്പരം 'തമ്മിലടി' തുടങ്ങും. അല്ലെങ്കില്‍ വിഡ്ഡിപ്പെട്ടിയിലെവിദൂഷക കോമാളികള്‍ തമ്മിലടിപ്പിക്കും. അതുകണ്ട്‌ കഴുതക്കൂട്ടങ്ങള്‍ ശരിക്കും തമ്മിലടിക്കും. കുതിരക്കൂട്ടങ്ങള്‍ തങ്ങളുടെ 'വില'കൂട്ടി (കുതിര) കച്ചവടങ്ങള്‍ പൊടിപൊടിക്കും. പരസ്പരം പോരടിച്ചകുതിരക്കൂട്ടങ്ങള്‍ അവസാനം ഒന്നാകും. ഇതുകണ്ട്‌ കഴുതകള്‍ 'കഴുത'കളെപ്പോലെ വാ പൊളിക്കും.

കുതിരകള്‍ പച്ചപ്പുല്ലുകള്‍ തിന്ന് അണിഞ്ഞൊരുങ്ങി രാജകീയ വീഥികളില്‍ പ്രയാണം തുടങ്ങുമ്പോള്‍, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഭാരം ചുമന്ന് തളര്‍ന്ന് നടുവൊടിഞ്ഞ കഴുതകള്‍നേരത്തേതിലും കൂടുതല്‍ ഭാരം ചുമക്കാനായി തയ്യാറെടുക്കുന്നു. ഇതും അവരുടെവിധി'യാണെന്നോര്‍ത്ത്‌ സമാധാനിക്കുമ്പോള്‍ ചില (കോവര്‍)കഴുതകള്‍ കാമം, സോറി, അമര്‍ഷംകരഞ്ഞുതീര്‍ക്കും. കരച്ചില്‍ കേട്ടിട്ടും കേള്‍ക്കാതെ അപ്പോഴും രാജകീയ ചമയങ്ങളണിഞ്ഞകുതിരകള്‍ രാജവീഥികളിലൂടെ കുതിച്ചുപായുന്നുണ്ടാവും.
..

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

Read more...

Thursday, July 17, 2008

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌ നറുക്കെടുപ്പ്‌.
ഒന്നാം സമ്മാനം 25 കോടി വീതം നിരവധി പേര്‍ക്ക്‌. കൂടാതെ ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും. ഇനി വെറും നാലു ദിവസം മാത്രം. നിങ്ങളുടെ ടിക്കറ്റ്‌ ഉടന്‍ കരസ്ഥമാക്കൂ... സമ്മാനം ഉറപ്പാക്കൂ.

സൂപ്പര്‍ കര്‍ക്കടക ബംബര്‍ ലോട്ടറി.

സ്വാതന്ത്ര്യത്തോടെ കടന്നുവരൂ. ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു.
ഈ സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കൂ.

നാളെ, നാളെ, നാളെയാണ്‌.

Read more...

Friday, March 7, 2008

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

ശിവരാത്രി ദിവസം അവധിയായതുകൊണ്ടും, രാവിലെ വീട്ടില്‍ കറണ്ടില്ലാതിരുന്നതുകൊണ്ടു, വേറെ പ്രത്യേകിച്ച്‌ പണിയില്ലാതിരുന്നതുകൊണ്ടും ഒന്നു ചുറ്റിക്കറങ്ങി അമ്പലദര്‍ശനവും നടത്തിക്കളയാമെന്നു തീരുമാനിച്ച്‌ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക്‌ വിട്ടു. അവിടെയാണെങ്കില്‍ രാവിലെ തൊട്ടേ നല്ല തിരക്കാ. സ്ത്രീജനങ്ങളും കുട്ടികളുമാണ്‌ കൂടുതലും. ശിവലിംഗപ്രതിഷ്ഠക്കു ചുറ്റും എല്ലാവരും പൂജ നടത്തുകയാണ്‌. ശിവരാത്രി ദിവസം ശിവലിംഗ ദര്‍ശനവും പൂജയും നടത്തിയാല്‍ പുണ്യം കിട്ടുമെന്നാണല്ലോ. അകത്തോട്ട്‌ കടക്കാന്‍ വയ്യാത്തത്ര തിരക്ക്‌. അമ്പല പരിസരത്ത്‌ പൂജക്കുള്ള സാമഗ്രികളുമായി താല്‍ക്കാലിക കടകള്‍ നിരന്നിട്ടുണ്ട്‌. ഇനി കിട്ടാനിരിക്കണ പുണ്യം ഞാനായിട്ടെന്തിന്‌ കുറയ്ക്കണമെന്നു കരുതി അവിടെനിന്നും ചന്ദനത്തിരി, കൂവളത്തിന്റെ ഇലക്കെട്ട്‌, ഇത്യാദി വാങ്ങിച്ച്‌ തിരക്ക്‌ അല്‍പ്പം കുറഞ്ഞസമയത്ത്‌ അകത്ത്‌ കടന്നു. ശിവലിംഗമാണെങ്കില്‍ കൂവളമിലയും പഴങ്ങളും പുഷ്പങ്ങളും കൊണ്ട്‌, മുകള്‍ഭാഗമൊഴിച്ച്‌ പൂര്‍ണ്ണമായും മൂടപെട്ടിരിക്കയാണ്‌. തുടര്‍ച്ചയായി പാലഭിഷേകവും നടക്കുന്നുണ്ട്‌. ഒരു വിധത്തില്‍ ചന്ദനത്തിരി കത്തിച്ച്‌ കൂവളത്തിലയും മറ്റും സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ച്‌ പുറത്ത്‌ കടന്നു.

ക്ഷേത്രപരിസരത്ത്‌ ഭഗവാന്‍ ശിവന്റെ റെപ്രസെന്റേറ്റീവാണ്‌ ഞങ്ങള്‍ എന്ന മട്ടില്‍ ചില നാടോടി സാധു സന്യാസിമാര്‍ ഇരിക്കുന്നുണ്ട്‌, ആശീര്‍വാദവും മറ്റും നല്‍കാനായി. അവരുടെ മുമ്പിലായി പലതരത്തിലുള്ള രുദ്രാക്ഷങ്ങള്‍, കല്ലുകള്‍ തുടങ്ങി പലതും നിരത്തിവെച്ചിട്ടുണ്ട്. ഒരു സന്യാസിയുടെ മുമ്പില്‍ രണ്ടു കൂടുകളിലായി കുറച്ച്‌ പാമ്പുകളുമുണ്ട്‌. സാക്ഷാല്‍ ശങ്കര്‍ജിയുടെ ആഭരണങ്ങള്‍. ഇതിനെയൊക്കെ പിടിച്ച്‌ കൂടയിലാക്കി പ്രദര്‍ശിപ്പിച്ച്‌ ആശീര്‍വദിക്കലാണല്ലോ ഈ റെപ്പുകളുടെ പരിപാടി.


കുട്ടികള്‍ ഒരു ഡിസ്റ്റന്‍സ്‌ ഒക്കെ പാലിച്ച്‌ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല എന്ന മട്ടില്‍ പാമ്പുകളെ നോക്കി നില്‍ക്കുകയാണ്‌. പാമ്പുകളെ കണ്ടപ്പോള്‍ ഒന്നുരണ്ടു പടമെടുത്തുകളയാമെന്ന് (പാമ്പിന്റെ ശരീരത്തിലുള്ള പടമല്ലാ) കരുതി വണ്ടിയില്‍ നിന്നും കാമറയുമെടുത്ത്‌ തിരിച്ചുവന്നു.


ഭക്തരെ ആശീര്‍വദിക്കാന്‍ സെല്‍ഫ്‌ അപ്പോയിന്റഡ്‌ ആയി റെഡിയായി ഇരിക്കുന്ന അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ കൈപൊക്കി ആശീര്‍വദിക്കാന്‍ തുടങ്ങി. പിന്നെ ബാബക്കായി ദക്ഷിണ ഇട്ടോളൂന്നും. കടയില്‍ നിന്നും ബാക്കി കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കൂട്ടിവെച്ച്‌ അമ്പലത്തിലോ മറ്റോ പോവുമ്പോള്‍ കൊണ്ടുപോയി ഡിസ്പോസ്‌ ചെയ്യുകയാണല്ലോ പതിവുപരിപാടി. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഇതും ചുമന്നോണ്ട്‌ ആരാ പോകുന്നത്‌. പടമെടുക്കാന്‍ നാഗരാജിനോ റെപ്പിക്കോ വിരോധമുണ്ടാകേണ്ടെന്നു കരുതി പോക്കറ്റില്‍ നിന്നും കുറെ നാണയത്തുട്ടുകള്‍ എടുത്ത്‌ തുറന്നുവെച്ച ആ പാമ്പില്‍ കൂടയില്‍ നിക്ഷേപിച്ചു. നാണയങ്ങള്‍ വീണ ശബ്ദം കേട്ടിട്ടോ എന്തോ, ഓസിയാറും മണവാട്ടിയും ഒരുമിച്ചടിച്ച്‌ 'പാമ്പായ' പോലെ കിടക്കുന്ന സാക്ഷാല്‍ പാമ്പ്‌ ഒന്ന് തലപൊക്കി നോക്കി, വീണ്ടും 'പാമ്പായി'. ശിവരാത്രി ദിവസം ഓരോരുത്തര്‍ ശിവന്റെ പ്രസാദമാണെന്നും പറഞ്ഞ്‌ ബാംഗ്‌ (കഞ്ചാവ്‌)അടിച്ച്‌ ഫുള്‍ പാമ്പായി ഇഴയുന്ന ദിവസമാണ്‌. അപ്പോള്‍ പിന്നെ സാക്ഷാല്‍ പാമ്പിന് ഒരു ‘പാമ്പോ’ ‘മണവാട്ടി’യോ ആവുന്നതിലെന്താ തെറ്റ്.

ഇവന്മാരെയൊക്കെ ഒന്ന് എഴുന്നേല്‍പ്പിച്ച്‌ ഉഷാറാക്കൂ, ഞാന്‍ ഒന്ന് രണ്ട്‌ പടങ്ങളെടുക്കട്ടെയുന്ന് പറയാന്‍ തുടങ്ങുമ്പോഴെക്കും, ബാബക്കായി കുറച്ചുകൂടി എന്തെങ്കിലും തരൂ, ഭഗവാന്‍ കനിയും എന്ന് സന്യാസി റെപ്പ്‌ അരുളിചെയ്തു. പത്തൊ ഇരുപതോ രൂപ കൊടുത്താല്‍ നാഗരാജാവിനെ ഉഷാറാക്കി ഫണം വിടര്‍ത്തിച്ച്‌ നിര്‍ത്തുമല്ലോന്ന് കരുതി പോകറ്റില്‍ നിന്നും ചേയ്ഞ്ച്‌ ആയ പത്ത്‌ രൂപ കൂടി കൊടുത്തു. കൊടുക്കേണ്ട താമസം, ഉടന്‍തന്നെ ഒരു വലിയ രുദ്രാക്ഷമെടുത്ത്‌ എന്റെ കൈയ്യില്‍ വെച്ചിട്ട്‌ പറഞ്ഞു, ഇത്‌ ഇരുമുഖി രുദ്രാക്ഷമാണ്‍. ഇത്‌ ചരടില്‍ കോര്‍ത്ത്‌ കൈയ്യില്‍ കെട്ടിയാല്‍ 'ഐശ്വര്യാ'റായിയാണ്‌, 'ശത്രുഘ്നന്‍'സിന്‍ഹയാണ്‌, ആയതിനാല്‍ ബാബക്ക്‌ 'അഭിഷേക്‌'‘ബച്ചന്‍ നടത്താനായി മനസ്സറിഞ്ഞ്‌ 2 ലിറ്റര്‍ പാലിനുള്ള കാശ്‌ ഈ കൂടയിലേക്ക്‌ ഇടൂ, ഇടില്ലേ എന്നും പറഞ്ഞ്‌ തലയില്‍ ആശീര്‍വാദം തുടങ്ങി. ഇതില്‍നിന്നും എങ്ങനാ ഊരിപോവുക, ന്റെ ശങ്കര്‍ജീ. എന്റെ വലത്തെക്കയ്യില്‍ രുദ്രാക്ഷവും വെച്ച്‌ പിടിച്ചിരിക്കയാണ്‌. പോക്കറ്റിലാണെങ്കില്‍ ചേയ്ഞ്ച്‌ ഇല്ല. എന്തായാലും ബാബക്കുള്ള രണ്ട്‌ ലിറ്റര്‍ പാലിനുള്ള കാശ്‌ കൊടുത്താലെങ്കിലും നാഗരാജനെ ഉണര്‍ത്തിച്ച്‌ ഫണം വിടര്‍ത്തിനില്‍ക്കുന്ന പോസിലുള്ള ചിത്രം എടുക്കാമല്ലോ എന്ന ചിന്തയില്‍, ശരിയപ്പാ തരാം, കൈയ്യൊന്ന് വിട്‌, പേഴ്സെടുക്കട്ടെ എന്നായി ഞാന്‍.


ഇത്‌ കണ്ട തൊട്ടടുത്തിരിക്കുന്ന 'അമൂല്യശക്തി'യുള്ള പല നിറത്തിലുള്ള ഭാഗ്യകല്ലുകളുമായി ആശീര്‍വദിക്കാനിരിക്കുന്ന വേറൊരു സന്യാസി റെപ്പ്‌ എന്തോ ഒരു സാധനം വെച്ചുനീട്ടുന്നുണ്ടായിരുന്നു. ഹേയ്‌ നിക്ക്‌ വേണ്ടാ എന്ന് പറഞ്ഞെങ്കിലും സന്യാസിവര്യന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. പേഴ്സ്‌ എടുത്ത്‌ നോക്കിയപ്പോള്‍ 100ല്‍ താഴെ ഡിനോമിനേഷന്റെ നോട്ടുകള്‍ അതില്‍ ഇല്ലായിരുന്നു. ഇതു കാണിച്ചാല്‍ തിരിച്ചുകിട്ടുന്ന കാര്യം പോക്കാ. ഞാന്‍ പറഞ്ഞു, 2 ലിറ്റര്‍ പാലിനു രൂപ 40 ആണെങ്കിലും ഞാന്‍ 50 രൂപ തരാംട്ടോ എന്നു പറഞ്ഞ്‌ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും,100 രൂപ വേണമെന്നായി റെപ്പ്‌. പാലിന്റെ വില ഒരു ദിവസം കൊണ്ട്‌ ഇത്രയും കൂട്ടിയോ. കേരളത്തില്‍ പാലിന്‌ ലിറ്ററിന്‍ 22 രൂപയാണെങ്കിലും ഇവിടെ 20 രൂപക്ക്‌ സുലഭമാണ്‌. ഇക്കണക്കിന്‌ മില്‍മ ചെയര്‍മാനെപ്പോലും കടത്തിവെട്ടുമല്ലോ ഈ നാടോടീ സന്യാസി. എന്നിട്ട് "ഭഗവാന്‍ ആപ്കോ കൃപാ കരേഗാ" എന്നൊരു താങ്ങും.നമ്മുടെയൊക്കെ ഭാഗ്യം, ഇതുപോലുള്ളവര്‍ ഡയറി ബോര്‍ഡിന്റെയും മറ്റും ചെയര്‍മാനാകാതിരുന്നത്‌. ദൈവത്തില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയകാര്‍ക്കും,ദൈവമില്ലാ,പൂന്താനം ജീവിച്ചിരുന്നില്ല എന്നൊക്കെ പറയുന്നവര്‍ക്കും ദേവസ്വം ബോര്‍ഡില്‍ കയറിക്കൂടാമെങ്കില്‍, ഏതെങ്കിലും പാര്‍ട്ടിവഴി കയറിക്കൂടി ഏതെങ്കിലും ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനം ഇത്തരം നാടോടി സന്യാസിമാര്‍ വഹിക്കില്ലെന്ന് ആരു കണ്ടു.

വേണ്ട, 50 വെച്ചിട്ട്‌, ബാക്കി 50 ഇങ്ങ്‌ തരൂ എന്നു പറഞ്ഞ്‌ കാമറ ശരിയാക്കുമ്പോഴേക്കും അടുത്തിരുന്ന 'അമൂല്യകല്ല്' സ്വാമികള്‍, ഇന്നാ പിടിക്ക്‌, ഇന്നാ പിടിക്ക്‌ എന്നും പറഞ്ഞ്‌ ഒരു സാധനം കൈയ്യില്‍ വെച്ചു. ചില മന്ത്രങ്ങളും ആശീര്‍വദിക്കലും (അതോ വധിക്കലോ) തുടങ്ങി. നീല നിറത്തിലുള്ള കാണാന്‍ ചന്തമുള്ള അത്‌ ഒരു 'അമൂല്യക്കല്ല്' ആണത്രേ. അത്‌ ഒരു മോതിരത്തിലാക്കി ധരിച്ചാല്‍ പിന്നേയും പിന്നേയും 'ഐശ്വര്യാ'റായി കനിയുമത്രേ. ഇനി ഇതില്‍ നിന്നും ഊരിക്കിട്ടണമെങ്കില്‍ മറ്റേ 50 രൂപയും പോക്കാവുമല്ലോ എന്നോര്‍ത്തപ്പോഴാ, സന്യാസിവര്യന്റെ മൊഴിയല്‍. ഗുവാഹാത്തിയിലെ പ്രശസ്തമായ ശക്തിപീഠമായ കാമഖ്യാ ക്ഷേത്രത്തില്‍ അഭിഷേക്‌ നടത്താനായി ഒരു കിലോ നെയ്യിനുള്ള കാശ്‌ യാതൊരു മനസ്താപവുമില്ലാതെ മനസ്സറിഞ്ഞ്‌ നലകണമെന്ന്. പറയൂ നല്‍കില്ലേ എന്നും കൈയ്യില്‍ നിന്നും പിടിവിടാതെ. സര്‍പ്പസന്യാസി 2 ലിറ്റര്‍ പാലിന് 100 രൂപയാണ്‌ ബജറ്റില്‍ തുക വെച്ചിരിക്കുന്നത്‌. ഇക്കണക്കിന്‌ ഒരു കിലോ നെയ്യിന്‌ 1000 രൂപയാവുമല്ലോ 'അമൂല്യ കല്ല്' സന്യാസിയുടെ ബജറ്റ്‌ അനുസരിച്ച്‌.

ഇതിപ്പോ മലമ്പാമ്പിന്റെ വായില്‍ കൈയ്യിട്ട്‌ പല്ലെണ്ണിനോക്കിയ പോലെയായല്ലോ.

പിടിച്ചതിനേക്കാള്‍ വലുതാണല്ലോ അളയിലിരിക്കണത്‌.

ഈ സമയത്ത്‌ തൊഴാന്‍ വന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കള്‍ അടുത്ത്‌ വന്ന്, എന്താ കാമറയുമായി പാമ്പുമായി സല്ലപിക്കയാണോ എന്നായി. ഊതല്ലേ മോനെ, ഊതാനുള്ള ആള്‍ ‘പാമ്പായി’ കിട്ടക്കുവാ. വേണമെങ്കില്‍ നിങ്ങളേയും ആശീര്‍വദിപ്പിക്കാം.ഞാനേ പെട്ടുപോയി, നിങ്ങള്‍ മാറി നിന്നോളൂ. അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റ്‌ കാലിയാക്കിതരുന്ന കാര്യം ഇവര്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും.

'അമൂല്യരത്ന‘ക്കല്ല്' വാങ്ങി പോക്കറ്റിലിട്ടു. സര്‍പ്പസന്യാസി ബാക്കി 50 തരുന്ന മട്ടൊന്നും കാണാനില്ല. കൂടുതല്‍ ചോദിച്ചാല്‍ ഇനി എന്റെ നാഗന്മാരോട്‌ ചോദിക്കാന്നു പറഞ്ഞാലോ എന്നു കരുതിയപ്പോഴേക്കും സര്‍പ്പ സന്യാസിയുടെ വഹ കറുത്ത നിറത്തിലുള്ള ഒരു 'അമൂല്യകല്ല്' കൈയ്യില്‍ വെച്ച്‌ തന്നു. ഹതുശരി.. അപ്പോ ആ ബാക്കി 50 രൂപയും സ്വാഹ. ഇനി 'അമൂല്യരത്നക്കല്ല്'സന്യാസിക്ക്‌ എന്തെങ്കിലും കൊടുത്ത്‌ സ്ഥലം കാലിയാക്കുക തന്നെ.

പേഴ്സില്‍ 100ന്റെ ഒരു ഗാന്ധിയും 500ന്റെയും 1000ത്തിന്റെയും 3 വീതം ഗാന്ധിമാരും ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശമ്പളക്കാര്‍ക്ക്‌,മാസത്തിലെ ആദ്യ ആഴ്ചയായതുകൊണ്ട്‌ ഗാന്ധിമാരേ നിങ്ങള്‍ ഇങ്ങനെ പേഴ്സില്‍ ഇരുന്ന് ചിരിക്കും. ഇക്കണക്കിനുപോയാല്‍ കൂടുതല്‍ ദിവസം അവിടെയിരുന്ന് ചിരിക്കേണ്ടിവരില്ല. അതില്‍ നിന്നും ചിരിക്കുന്ന ഒരു 100ന്റെ ഗാന്ധിയെ 'കല്ല്' സന്യാസിക്കു കൊടുത്തെങ്കിലും, തൃപ്തിയാവാതെ ശിവ്‌ജിയുടെ റെപ്രസെന്റേറ്റീവ്‌ കുറച്ച്‌ വിഭൂതിയെടുത്ത്‌, ഇന്നാ ഇന്നാ എന്ന് മാടിവിളിച്ചുകൊണ്ടിരുന്നു.


വേണ്ടാ ‘സ്വാമിജി’ അതു സ്വാമി തന്നെ ഇട്ടാല്‍ മതി.
ഇനി അവിടെ നിന്നാല്‍ പേഴ്സിലെ 500ന്റെ ഒരു ഗാന്ധിച്ചിരി അങ്ങോട്ട്‌ ഷിഫ്റ്റ്‌ ചെയ്യും. പിന്നെ ശിവരാത്രിക്ക്‌ ഉറക്കമൊഴിക്കാതെ തന്നെ ആ രാത്രി നിദ്രാവിഹീനമായേനെ.

സാക്ഷാല്‍ ഭോലേനാഥ്‌, ഭവാന്റെ റെപ്രസെന്റേറ്റീവുമാര്‍ കൊള്ളാമല്ലോ..
കുച്ച്‌ തോ ബോലോ ഭോലേനാഥ്‌ജീ.
ഓ.. ഭവാന്‍ ഇന്ന് ദിവ്യനിദ്രയിലാണല്ലോ. ഭവാന്‍ നിദ്രയില്‍നിന്നുമുണരുമ്പോഴേക്കും, 'റെപ്പുകള്‍' ഭവാന്റെ ഭക്തരെ 'വിഗാന്ധിയന്‍'മാരാക്കുമല്ലോ!!

ശംഭോ.. മഹാദേവാ!!!

എന്റെ ‘സര്‍പ്പാന്വേഷണ‘പരീക്ഷണങ്ങള്‍ പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌,

"തോമസ്സുകുട്ടീ, വിട്ടോടാ" എന്ന സ്റ്റെയിലില്‍ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ അവിടെനിന്നും സ്കൂട്ടായി.

(പാമ്പിന്‍)വാല്‍ക്കഷണം:

പടം പിടിക്കണ ആര്‍ക്കെങ്കിലും ഫണം വിടര്‍ത്തിനില്‍ക്കണ പാമ്പിന്റെ പടം പിടിക്കണമ്ന്ന് മോഹോണ്ടേങ്കി ഇമ്മാതിരി സര്‍പ്പ സന്യാസികളുടെ അടുത്ത്‌ പോകാണ്ട്‌, നേരെ മൂര്‍ഖേട്ടന്റടുത്ത്‌ പോക്വാ. 5 പൈസ പോലും കൊടുക്കാണ്ട്‌ നല്ല പോസ്‌ ചെയ്തുതരും. പിന്നെ നിങ്ങള്‍ടെ സമയം ശരിയാണെങ്കില്‍ വേണോങ്കി മുത്തോം കിട്ടും.

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP